seri-a-juventus-win
seri a juventus win

ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ എ.സി. മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി യുവന്റസ് ഇക്കുറിയും കിരീട നേട്ടം സുരക്ഷിതമാക്കി. 39-ാം മിനിട്ടിൽ പിയാടേക്കിലൂടെ എ.സി മിലാനാണ് ആദ്യം സ്കോർ ചെയ്തത്. 60-ാം മിനിട്ടിലെ പെനാൽറ്റിയിലൂടെ പാബ്ളോ ഡൈബാല കളി സമനിലയിലാക്കി. 84-ാം മിനിട്ടിൽ മോയ്സ് കീനാണ് യുവെന്റസിന്റെ വിജയഗോൾ നേടിയത്. പരിക്കിൽനിന്ന് മോചിതനാകാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെയണ് യുവെന്റസ് കളിക്കാനിറങ്ങിയത്.

ഈവിജയത്തോടെ യുവന്റസിന് 31 മത്സരത്തിൽനിന്ന് 84 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള നാപ്പോളിക്ക് 30 കളികളിൽനിന്ന് 63 പോയിന്റാണുള്ളത്.

എഫ്.എ കപ്പ്

മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ

ലണ്ടൻ : സെമിഫൈനലിൽ ബ്രൈട്ടൺ ആൻഡ് ഹോമിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് എഫ്.എ കപ്പിന്റെ ഫൈനലിലെത്തി. ബംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിട്ടിലെ ഗബ്രിയേൽ ജോസഫിന്റെ ഗോളാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിക്ക് വിജയം നൽകിയത്. വോൾവർ ഹാംപ്ടണും വാറ്റ് ഫോർഡും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയിയെയാണ് സിറ്റി ഫൈനലിൽ നേരിടേണ്ടത്.

ഈ സീസണിൽ നാല് കിരീടങ്ങൾ നേടാനുള്ള സുവർണാവസരമാണ് സിറ്റിയെ കാത്തിരിക്കുന്നത്. ലീഗ് കപ്പ് നേടിക്കഴിഞ്ഞ സിറ്റിക്ക് പ്രിമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് എന്നിവയിലും സാദ്ധ്യതയുണ്ട്.