പോത്തൻകോട്: ചെറുപ്പം മുതലുള്ള സിവിൽ സർവീസ് മോഹം പൂർത്തിയാക്കാൻ സഹായിച്ചത് താൻ ജോലി ചെയ്‌ത ബാംഗ്ലൂർ ഐ.ബി.എം കമ്പനിയാണെന്ന് സിവിൽ സർവീസ് പരീക്ഷയിൽ 435ാം റാങ്ക് ലഭിച്ച അനൂപ് ബിജിൽ പറയുന്നു. ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ നിന്നു ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് നേടിയ അനൂപ് കാമ്പസ് സെലക്ഷനിലൂടെ ടെക്നോപാർക്കിലെ യു.എസ്.ടി ഗ്ലോബലിലും തുടർന്ന് ടി.സി.എസ് കമ്പനിയിലും ജോലി ചെയ്‌ത ശേഷമാണ് ബാംഗ്ലൂർ ഐ.ബി.എമ്മിലെത്തുന്നത്. സിവിൽ സർവീസ് പരിശീലനത്തിനുള്ള ആഗ്രഹം അറിയിച്ചപ്പോൾ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അനുമതി കമ്പനി രണ്ടു വർഷത്തേക്ക് നൽകി. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനൊപ്പമായിരുന്നു സിവിൽ സർവീസ് പരിശീലനം. നാലാം തവണത്തെ പരിശ്രമത്തിനൊടുവിലാണ് അനൂപിന്റെ സിവിൽ സർവീസ് നേട്ടം. സിഡ്‌കോയിൽ അക്കൗണ്ട്സ് മാനേജരായിരിക്കെ മരിച്ച കെ.എസ്. ബിജിലാണ് പിതാവ്. എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്ന് റിസർച്ച് ഓഫീസറായി റിട്ടയർ ചെയ്‌ത ടി.കെ. ചന്ദ്രലേഖയാണ് മാതാവ്. ഭാര്യ ചിന്നു മധുകുമാർ ഇ.വൈ ടെക്നോളജീസ് സോഫ്ട്‌വെയർ കമ്പനിയിൽ എൻജിനിയറാണ്.