ഈ സീസണിൽ ബാംഗ്ളൂരിന്റെ തുടർച്ചയായ
ആറാം തോൽവി
ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 149/8
ഡൽഹി ക്യാപിറ്റൽസ് 152/6
ബംഗളുരു : ഈസീസണിൽ തുടർച്ചയായ ആറാം മത്സരത്തിലും തോറ്റ് തൊപ്പിയിട്ട് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി നയിക്കുന്ന ഐ.പി.എൽ ടീം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്. ഇന്നലെ യുവതാരം ശ്രേയസ് അയ്യരുടെ ഡൽഹി ക്യാപിറ്റൽസാണ് ബാംഗ്ളൂരിനെ നാലുവിക്കറ്റിന് കീഴടക്കിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ നിശ്ചിത 20 ഓവറിൽ 149/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹി 18.5 ഓവറിൽ 152/6 എന്ന സ്കോറിലെത്തി.
വിരാട് കൊഹ്‌ലി (33 പന്തുകളിൽ 41 റൺസ്), മൊയീൻ അലി (18 പന്തുകളിൽ 32 റൺസ്), അക്‌ഷ്ദീപ് നാഥ് (19) എന്നിവരുടെ പോരാട്ടമാണ് കാഗിസോ റബാദയുടെ മികച്ച ബൗളിംഗിനിടയിലും ബാംഗ്ളൂരിനെ 149 ലെത്തിച്ചത്. പാർത്ഥിവ് പട്ടേൽ (9), എ.ബി. ഡിവില്ലിയേഴ്സ് (17), സ്റ്റോയ്‌നിസ് (15) എന്നിവർ പുറത്തായശേഷം 66/3 എന്ന നിലയിലായിരുന്ന ബാംഗ്ളൂരിനെ കൊഹ്‌ലിയും മൊയീൻ അലിയും ചേർന്ന് 100 കടത്തി.
എന്നാൽ അവസാന ഓവറുകളിൽ റബാദ കൊഹ്‌ലി, അക്‌ഷ്ദീപ്, പവൻ നേഗി (0) എന്നിവരെ മടക്കി അയച്ചതിനാൽ റൺറേറ്റ് പ്രതീക്ഷിച്ചതുപോലെ ഉയർത്താനായില്ല.
നാലോവറിൽ 21 റൺസ് വഴങ്ങിയാണ് റബാദ നാല് വിക്കറ്റ് വീഴ്ത്തിയത്. മോറിസ് രണ്ട് വിക്കറ്റും അക്ഷർപട്ടേൽ, സന്ദീപ് ലാമിച്ചാനെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽത്തന്നെ ശിഖർ ധവാനെ (0) നഷ്ടമായെങ്കിലും പൃഥ്വിഷാ (28), ശ്രേയസ് അയ്യർ (50 പന്തുകളിൽ 67 റൺസ്), കോളിൻ ഇൻഗ്രാം (22), ഋഷഭ് പന്ത് (18) എന്നിവരുടെ പോരാട്ടം ഏഴ് പന്തുകൾ ബാക്കിനിൽക്കെ വിജയം സമ്മാനിച്ചു.
ഷായും ശ്രേയസും ചേർന്ന് 47 പന്തുകളിൽ 69 റൺസാണ് കൂട്ടിച്ചേർത്തത്. ഒൻപതാം ഓവറിൽ ഷാ പുറത്തായശേഷം ഇൻഗ്രാം നായകന് പിന്തുണ നൽകി. 50 പന്തുകൾ നേരിട്ട ശ്രേയസ് എട്ട് ഫോറുകളും രണ്ട് സിക്സും പായിച്ചു. 18-ാം ഓവറിലാണ് സൈയ്‌നിയുടെ പന്തിൽ ചഹലിന് ക്യാച്ച് നൽകി ശ്രേയസ് പുറത്തായത്. തുടർന്ന് മോറിസിനെയും (0), പന്തിനെയും നഷ്ടമായെങ്കിലും അക്ഷർ പട്ടേലും (4), തെവാതിയയും (1) ചേർന്ന് ഡൽഹിക്ക് വിജയം നൽകി.
കാഗിസോ റബാദയാണ് മാൻ ഒഫ് ദ മാച്ച്.
ബാംഗ്ളൂരിന്റെ തോൽവികൾ
(എതിരാളി, മാർജിൻ എന്ന ക്രമത്തിൽ)
1. Vs ചെന്നൈ- 7 വിക്കറ്റിന്
2. Vs മുംബയ് - 6 റൺസിന്
3. Vs ഹൈദരാബാദ്- 118 റൺസിന്
4. Vs രാജസ്ഥാൻ- 7 വിക്കറ്റിന്
5. Vs കൊൽക്കത്ത - 5 വിക്കറ്റിന്
6. Vs ഡൽഹി - 4 വിക്കറ്റിന്
പോയിന്റ് പട്ടിക
ഇന്നലത്തെ രണ്ടാം മത്സരത്തിന് മുമ്പുള്ളത്
ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ് ക്രമത്തിൽ
ചെന്നൈ 5-4-1-0-8
ഹൈദരാബാദ് 5-3-2-0-6
കൊൽക്കത്ത 4-3-1-0-6
മുംബയ് 5-3-2-0-6
ഡൽഹി 6-3-3-0-6
പഞ്ചാബ് 5-3-2-0-6
രാജസ്ഥാൻ 4-1-3-0-2
ബാംഗ്ളൂർ 6-0-6-0-0.
ഇന്നത്തെ മത്സരം
പഞ്ചാബ് കിംഗ്സ്
Vs
സൺറൈസേഴ്സ് ഹൈദരാബാദ്
രാത്രി 8 മുതൽ