തിരുവനന്തപുരം: നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും 1571 പേർ പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, പൊതുമുതൽ നശിപ്പിക്കൽ, വീടുകളിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കടക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരുന്ന കഴക്കൂട്ടം ഇരിപ്പകുഴി പുതുവൽ പുത്തൻവീട്ടിൽ ചക്കു എന്നു വിളിക്കുന്ന അജീഷ് (23)നെയാണ് ഗുണ്ടാ നിയമപ്രകാരം ഇന്നലെ പിടികൂടിയത്. കഴക്കൂട്ടം ജംഗ്ഷനിലുള്ള കടയിൽ അതിക്രമിച്ച് കയറി ഉടമയെ ആക്രമിച്ചു പണം അപഹരിച്ചകേസ്, കഠിനംകുളം സ്വദേശികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസ് തുടങ്ങിയ നിരവധികേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ശനിയാഴ്ച വൈകിട്ട് ആറു മുതൽ 11 വരെ നഗരത്തിലേക്ക് വരുന്ന അതിർത്തി റോഡുകളിൽ നടത്തിയ പരിശോധനകൾക്ക് കമ്മിഷണർ നേരിട്ട് നേതൃത്വം നൽകി. കഞ്ചാവ് കൈവശം വച്ചതിന് 12 പേരെയും പിടികൂടിയിട്ടുണ്ട്. മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന 21പേരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വാറണ്ട് പ്രകാരം 31പേരെയും മറ്റു വാറണ്ട് കേസുകളിൽ നാല് പേരെയും പിടികൂടി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 65 പേരെ പിടികൂടി. വാഹന പരിശോധനയ്ക്കിടെ കവടിയാർ ഭാഗത്തു വച്ച് ഇന്നോവ കാറിൽ നിന്നു രേഖകളില്ലാത്ത 1.40 ലക്ഷം രൂപയും പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച 312 പേരെയും വിവിധ തരത്തിൽ ഗതാഗത നിയമലംഘനം നടത്തിയ 1123 പേരെയും പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണറും ഡി.സി.പി ആർ.ആദിത്യയും അറിയിച്ചു.