jagan-mohan-reddy

വിജയവാഡ: 'ഈ എന്നിക്കാലു എവരു ഗലുസ്താരു?'' ( ഈ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കും?) വിജയവാഡയിൽ ചെന്നു ചോദിച്ചാലും ഗുണ്ടൂരു ചെന്നു ചോദിച്ചാലും വിശാഖപട്ടണത്ത് ചെന്ന് ചോദിച്ചാലും ഒരേ ഉത്തരം ''ഇക്കട ഗട്ടിപ്പോട്ടി!" ഇവിടെ ശക്തമായ പോരാട്ടം നടക്കുന്നുവെന്നർത്ഥം.

ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയും പ്രധാന പ്രതിപക്ഷകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും തമ്മിലുള്ള പോരാട്ടം ക്ലൈമാക്സിലേക്കു നീങ്ങുകയാണ്. 11നാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനഭരണം പിടിക്കുന്നതിനൊപ്പം കേന്ദ്രത്തിൽ നിർണായക ശക്തിയായി മാറാൻ കൂടിയാണ് മത്സരം. സർവേകളിൽ ജഗൻമോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിലെത്തുമെന്നായതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എല്ലായിടത്തും ഓടിയെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

രാജനഗരി ജഗൻ എത്തുമെന്നറിയിച്ചത് വൈകിട്ട് മൂന്നിന്. 40 ഡിഗ്രി ചൂട് മറന്ന് ഒന്നരയായപ്പോഴേ ജനം ഒഴുകിത്തുടങ്ങി. ഒരു സൂപ്പർതാരത്തെ കാത്തിരിക്കുന്ന ആകാംഷയുണ്ടവർക്ക്. റവാലി ജഗൻ, കവാലി ജഗൻ തിരഞ്ഞെടുപ്പ് പ്രചാരണഗാനം ഇടിമുഴക്കം പോലുയർന്നു. സകല സംവിധാനങ്ങളുമുള്ള ബസ് വന്നുനിന്നു. തൊഴുകൈകൾ തലയ്‌ക്കു മുകളിലുയർത്തി ജഗൻ ഉയർന്നെത്തി . 'റവാലി ജഗൻ കവാലി ജഗൻ" ജനം ആർത്തു വിളിച്ചു. 'ജഗൻ വരണം ഞങ്ങൾക്ക് ജഗനെ വേണം' എന്നാണവർ പറയുന്നത്. ചന്ദ്രബാബുവിനെതിരെ ആഞ്ഞടിക്കുന്ന പ്രസംഗം. ആദ്യ റൗണ്ട് പ്രചാരണങ്ങളിൽ കോൺഗ്രസിനെതിരെ മൃദുസമീപനം.

ആന്ധ്രാപ്രദേശിന് സ്വതന്ത്രപദവി നൽകുമെന്ന രാഹുൽഗാന്ധിയുടെ വാക്കിനെത്തുടർന്ന് കോൺഗ്രസുമായി ഇപ്പോൾ ശത്രുതയില്ലെന്നു മാത്രമല്ല, അവരോട് ക്ഷമിച്ചുവെന്നാണ് ജഗൻ ചാനൽ അഭിമുഖങ്ങളിൽ പറയുന്നത്. ജഗന്റെ പിന്തുണ കിട്ടിയാൽ മോദിസർക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തിന് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ ക്ഷമിച്ചുവെന്ന ജഗന്റെ പ്രസ്താവനയിൽ എത്രത്തോളം ക്ഷമയുണ്ടെന്ന് കണ്ടറിയണം. പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തെത്തുടർന്ന് ജഗനെ മുഖ്യമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് രൂപംകൊണ്ട പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്.

ജഗൻ വിജയവാഡയെ ഇളക്കിമറിക്കുമ്പോൾ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൃഷ്ണജില്ലയിലെ നന്ദിഗാമ മൈലാവരത്ത് വൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. താൻ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ പാലിച്ചെന്നും അധികാരം തുടർന്നാൽ വാർദ്ധക്യകാല പെൻഷൻ 2000 രൂപയാക്കുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് പത്രികയിലുള്ളതെല്ലാം പാലിക്കും. ജയ് വിളികളോടെയാണ് നായിഡുവിനെ പ്രവർത്തകർ സ്വീകരിക്കുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതിനാൽ വൻ സുരക്ഷാസംവിധാനത്തോടെയാണ് പ്രചാരണം.

വാഗ്‌ദാനപ്പെരുമഴ

ജഗൻ മോഹൻ റെഡ്ഡി കർഷകർക്ക് വർഷത്തിൽ ഒരുലക്ഷം രൂപ വരെ സഹായം വാഗ്ദാനം ചെയ്‌പ്പോൾ ഇരട്ടിത്തുക പ്രഖ്യാപിച്ചാണ് ചന്ദ്രബാബു നായിഡു പ്രകടനപത്രികയിറക്കിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ വാഗ്ദാനം വർഷത്തിൽ 72000 രൂപയാണ്. എന്നാൽ ആന്ധ്രയിൽ ടി.ഡി.പി അധികാരം തുടർന്നാൽ രണ്ടുലക്ഷം രൂപ വരെയാണ് ഓരോ കുടുംബത്തിനും കിട്ടാൻപോകുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രകടനപത്രികയിൽ ഇതിനാണ് ഊന്നൽ.

നായിഡു പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പാണ് മുഖ്യ എതിരാളി ജഗൻ മോഹൻ റെഡ്ഡി വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രകടനപത്രിക അവതരിപ്പിച്ചത്. 12,500 മുതൽ ഒരുലക്ഷം രൂപ വരെ വർഷത്തിൽ കർഷകർക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. നായിഡു അത് ഇരട്ടിയാക്കി. കുട്ടികളെ സ്‌കൂളിൽ വിടുന്ന അമ്മമാർക്ക് ജഗന്റെ വാഗ്ദാനം 15000 രൂപ. നായിഡു മൂവായിരം കൂട്ടിപ്പറഞ്ഞു. സ്വയംസഹായ സംഘങ്ങളിലെ വനിതകൾക്ക് അഞ്ചുകൊല്ലം കൊണ്ട് അമ്പതിനായിരമെന്ന് നായിഡു. ജഗന്റെ വാഗ്ദാനം പ്രതിവർഷം 50,000 മെന്നാണ്. കൂട്ടത്തിൽ പലിശരഹിത വായ്പയും.

ഓട്ടോത്തൊഴിലാളികൾ, അലക്കുകാർ, തുന്നൽക്കാർ എന്നിവർക്കൊക്കെ ജഗന്റെ പത്രികയിൽ പതിനായിരം വാഗ്ദാനമുണ്ട്. ആദായനികുതി പരിധിക്ക് താഴെ വരുമാനമുളളവർക്ക് സൗജന്യ ചികിത്സയുണ്ടാവും നായിഡു ഭരണത്തിൽ. അഞ്ചുലക്ഷത്തിൽ താഴെ വരുമാനമുളളവർക്കാണ് ജഗൻ ഈ സൗജന്യം വാഗ്ദാനം ചെയ്യുന്നത്. മത്സരം ഇതിലൊക്കെയുണ്ടെങ്കിലും കാർഷിക കടങ്ങൾ തള്ളുന്ന കാര്യത്തിൽ ഇരുവർക്കും ഒരേസ്വരം. രണ്ട് പ്രകടന പത്രികയിലും ഇക്കാര്യമില്ല. ഈ പറഞ്ഞതു തന്നെ നടപ്പാക്കണമെങ്കിൽ രണ്ട് ലക്ഷം കോടിയെങ്കിലും ചുരുങ്ങിയത് വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെ എങ്ങനെ കടങ്ങൾ എഴുതിത്തള്ളും?

വാക്കും മറുവാക്കും

'അധികാരം തലയ്ക്കു പിടിച്ച് മദിച്ചു നടക്കുകയാണ് നായിഡു. പറഞ്ഞതിൽ ഒന്നുപോലും പാലിച്ചില്ല. എല്ലാ ഇടപാടിലും അഴിമതിയാണ് ''- ജഗൻ മോഹൻ റെഡ്ഡി

'തുളസിച്ചെടിക്കൾക്കിടയിലെ കഞ്ചാവാണ് ജഗൻ മോഹൻ റെഡ്ഡി. തെലുങ്കാനയുടെ മുഖ്യമന്ത്രിയുടെ സഹായത്തോടെ എന്നെ തോൽപ്പിക്കാനാണ് ശ്രമം." - ചന്ദ്രബാബു നായിഡു