crime

കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരിമാർ ഉൾപ്പടെ മൂന്ന് പെൺകുട്ടികളെ അർദ്ധരാത്രി കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കുഴുപ്പള്ളി സ്വദേശികളായ ഷിജിൽ, നെജ്മൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശേരി എയർപോർട്ട് ജീവനക്കാരനായിരുന്ന തമിഴ്‌നാട് സ്വദേശി ഗജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവർ. ഈ കേസിൽ അടുത്തിടെയാണ് ഇവർ പുറത്തിറങ്ങിയത്. സംഭവത്തിൽ ഇന്നലെ രാത്രി തന്നെ പ്രതികളെ ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് രാവിലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച രാത്രി ബീച്ചിൽ എത്തിച്ച പെൺകുട്ടികളെ പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം ഞാറയ്ക്കൽ പൊലീസിന്റെ പട്രോളിംഗ് ജീപ്പ് കടന്ന് പോയതോടെ ഭീതിയിലായ പ്രതികൾ സമീപത്തെ വീടിന്റെ ടെറസിലേക്ക് മാറി. പെൺകുട്ടികൾക്ക് മദ്യവും കഞ്ചാവും നൽകി മയക്കിയ ശേഷമായിരുന്നു പീഡനശ്രമം. കുട്ടികൾ ഇതിനെ ശക്തമായി ചെറുത്തു.

മൂന്നു പെൺകുട്ടികളിൽ രണ്ട് പേർ കടലിൽ കാണാതായെന്ന വ്യാജവാർത്തയാണ് ആദ്യം പ്രചരിച്ചത്. നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും സ്‌കൂബാ ഡൈവിംഗ് ടീമുകളും അന്വേഷണം തുടങ്ങി. തുടർന്ന് ഒരു കുട്ടിയെ ഇന്നലെ രാവിലെ ബീച്ചിൽ കണ്ടെത്തി. ഈ കുട്ടിയെ ചോദ്യം ചെയ്‌പ്പോൾ മറ്റു രണ്ടുപേരെ കടലിൽ കാണാതായി എന്നാണ് പറഞ്ഞതത്. പൊലീസ് വിവരമറിയിച്ചതോടെ രാവിലെ എട്ടരയോടെ ഫോർട്ടുകൊച്ചിയിൽനിന്നു 20 അംഗ സ്‌കൂബാ ഡൈവിംഗ് ടീമും മാലിപ്പുറത്തുനിന്ന് 10 അംഗ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനുള്ള സന്നാഹങ്ങളുമായി ബീച്ചിലെത്തി. ഉച്ചയ്ക്ക് ഒന്നു വരെ ഇവർ കടലിൽ നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ മൊബൈൽ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരെയും ബീച്ചിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. പിന്നീട് ഞാറയ്ക്കൽ സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നിമിഷങ്ങൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.