ആ കടുത്ത ചിന്തയോടെ ചന്ദ്രകല തന്റെ മുറിയിലെത്തി.
വാതിൽ അകത്തുനിന്നടച്ച് ലോക്കിട്ടു. പിന്നെ കൂട്ടിൽ അടയ്ക്കപ്പെട്ട പുലിയെപ്പോലെ അങ്ങിങ്ങു നടന്നു, കുറച്ചുനേരം.
ശേഷം കിടക്കയിൽ വന്നിരുന്ന് സെൽഫോൺ എടുത്ത് പ്രജീഷിന് കാൾ അയച്ചു.
രണ്ടാമത്തെ ബല്ലിന് ഫോൺ അറ്റന്റു ചെയ്യപ്പെട്ടു.
''ക്ഷമിക്കണം കേട്ടോ..."
അപ്പുറത്തുനിന്ന് എന്തെങ്കിലും പറയും മുൻപ് ചന്ദ്രകല ശബ്ദിച്ചു.
പതിഞ്ഞ ചിരിയായിരുന്നു മറുപടി.
''എന്തിന്? അതിന് നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ..."
''എന്നാലും..."
''ലീവിറ്റ്. ആ നരന്തുപെണ്ണ് എന്തെങ്കിലും പറഞ്ഞെന്നുവച്ച്... അപ്പോൾ അങ്ങനെ സംസാരിച്ചിട്ട് ഇറങ്ങിപ്പോന്നത് എന്റെ ഒരടവല്ലേ? അത്രവേഗം നിന്നെ എനിക്ക് ഉപേക്ഷിക്കാൻ കഴിയുമോ ചന്ദ്രേ?"
ആ വാക്കുകൾ ചന്ദ്രകലയുടെ ഉള്ളിൽ ഐസ് തുള്ളികളായി പെയ്തിറങ്ങി.
പ്രജീഷിന്റെ ശബ്ദം വീണ്ടും കേട്ടു:
''അവൾ അങ്ങനെ പറഞ്ഞപ്പോഴും ഞാൻ അവിടെയിരുന്നാൽ അവൾക്ക് സംശയം തോന്നും. ഞാൻ ഇവിടെത്തന്നെയുണ്ട്. ചുങ്കത്തറയിലെ ലോഡ്ജിൽ. നാളെ നീ ഇങ്ങോട്ടുവരണം. നമുക്ക് പലതും പ്ളാൻ ചെയ്യണം."
''ഞാൻ വരാം." ചന്ദ്രകല സമ്മതിച്ചു.
''എങ്കിൽ രാത്രിയിൽ വിളിക്കാം. അല്പം കഴിഞ്ഞ് കിടാവ് സാറ് ഇവിടേക്ക് വരുന്നുണ്ട്."
''ഓക്കെ." ചന്ദ്രകല കാൾ മുറിച്ചു.
വീണ്ടും അവൾ പാഞ്ചാലിയെക്കുറിച്ച് ഓർത്തു.
രാമഭദ്രന്റെ ചോരയല്ലേ അവൾ? കൂടുതൽ സൂക്ഷിച്ചേ പറ്റൂ.
ആർക്കും സംശയത്തിന് ഇടകൊടുക്കാത്ത വിധത്തിൽ വേണം അവളെ വകവരുത്തേണ്ടത്.
പോരെങ്കിൽ ഈയിടെ കുട്ടികൾക്കു നേരെ അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയും കോടതി പോലും സ്വമേധയാ കേസ് എടുക്കുകയും ചെയ്യുകയാണ്.
ഒരു കടുകുമണിയുടെ പാളിച്ച മതി എല്ലാം അവസാനിക്കാൻ...
ചന്ദ്രകല കിടക്കയിലേക്കു ചാഞ്ഞു. അറിയാതെ ഒരുറക്കം അവളെ പൊതിഞ്ഞു.
വാതിലിൽ മുട്ടിവിളിക്കുന്നതു കേട്ടാണ് കണ്ണു തുറന്നത്.
ജനാലയിലൂടെ പുറത്തേക്കു നോക്കി. കോവിലകത്തിന്റെ നിഴൽ ഗേറ്റിങ്കൽ വരെ എത്തിയിരിക്കുന്നു.
മെത്തയിൽ കൈ കുത്തി ചന്ദ്രകല എഴുന്നേറ്റു.
''കൊച്ചമ്മേ..." വീണ്ടും വാതിലിൽ മുട്ടിക്കൊണ്ട് സുധാമണി വിളിക്കുന്നു.
''തല്ലിപ്പൊളിക്കണ്ടാ ഞാൻ വരുന്നു."
തിമട്ടിക്കൊണ്ട് അവൾ ചെന്ന് വാതിൽ തുറന്നു.
മുന്നിൽ യാചനയുടെ കണ്ണുകളുമായി സുധാമണി!
''ഉം?" ചന്ദ്രകല അവരെ രൂക്ഷമായി നോക്കി.
''നാളെ മുതൽ ഞാൻ വരണ്ടേ കൊച്ചമ്മേ?"
''വേണ്ടാ.." അലിവില്ലാത്ത സ്വരം.
''വീട്ടിലെ അവസ്ഥയാകെ ബുദ്ധിമുട്ടിലാണ്."
സുധാമണിയുടെ ശബ്ദം പതറി.
''അതിന്? അങ്ങനെയൊരു ചിന്തയുണ്ടായിരുന്നെങ്കിൽ നീ ആവശ്യമില്ലാത്തതൊക്കെ പാഞ്ചാലിയോട് വിളമ്പുമായിരുന്നോ?"
''അറിയാതെ ഒരബദ്ധം പറ്റിപ്പോയി. പാഞ്ചാലിക്കുഞ്ഞിന് പക്ഷേ ഒന്നും മനസ്സിലായിട്ടില്ല."
''ഊഹും."
തല കുടഞ്ഞ് ചന്ദ്രകല പുച്ഛിച്ചു.
''എന്ന് നീ പറയുന്നു. പക്ഷേ സംശയത്തിന്റെ കരട് അവളിൽ ഉടക്കിയിട്ടുണ്ട്. അതിന്റെ പ്രതികരണമാ ഉച്ചയ്ക്കുണ്ടായത്."
ഒന്നു നിർത്തിയിട്ട് ചന്ദ്രകല തുടർന്നു:
''നാളെ മുതൽ നിങ്ങടെ നിഴൽ പോലും ഈ മുറ്റത്ത് വീണുകൂടാ."
പറഞ്ഞതും അവൾ വെട്ടിത്തിരിഞ്ഞു.
അലമാര തുറന്ന് ഒരുപിടി നോട്ടുകൾ വാരിയെടുത്തു. അത് ബലമായി സുധാമണിയുടെ കയ്യിലേക്കു വച്ചു കൊടുത്തു.
''നിങ്ങൾക്കു പോകാം. ഇനി വഴിയിൽ വച്ചെങ്കിലും പാഞ്ചാലിയോട് സംസാരിച്ചെന്ന് ഞാൻ അറിഞ്ഞാൽ..."
സുധാമണിയുടെ മറുപടിക്കു കാക്കാതെ ചന്ദ്രകല തിരിഞ്ഞു. വാതിൽ ശക്തിയിൽ അടഞ്ഞു.
ഒരു നിമിഷം കൂടി അങ്ങനെ നിന്നു സുധാമണി. അവരുടെ കണ്ണുകൾ നിറഞ്ഞു തൂവി.
വർഷങ്ങളുടെ ബന്ധമുള്ള കോവിലകം...
ഇനി എന്തു പറഞ്ഞാലും ചന്ദ്രകലയുടെ മനസ്സു മാറില്ലെന്ന് സുധാമണിക്ക് അറിയാം.
ഒരു തരത്തിൽ, താൻ ഇവിടെ നിന്നു പോകുന്നതാണ് ചന്ദ്രകലയ്ക്ക് ഏറെയിഷ്ടം.
അവൾക്ക് പിന്നീട് എങ്ങനെയും ജീവിക്കാം.,
എന്നാൽ പാഞ്ചാലി...
അവളുടെ ജീവൻ അപകടത്തിലാണെന്ന് സുധാമണിക്കു തോന്നി.
പുറം കൈ കൊണ്ട് കണ്ണീർ തുടച്ച് സുധാമണി തിരിയുമ്പോൾ കോലായിൽ അങ്ങേയറ്റത്ത് എല്ലാം ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു പാഞ്ചാലി.
അവളോട് ഒന്നും മിണ്ടിയില്ല സുധാമണി.
പകരം കൈ ഉയർത്തി ഒന്നു വീശിയിട്ട് പുറത്തേക്കു നടന്നു.
രാത്രി.
ശ്രീനിവാസ കിടാവിന്റെ അമ്യൂസ്‌മെന്റ് പാർക്ക്.
ഇപ്പോൾ അവിടെയൊരു വാച്ചർ മാത്രമേയുള്ളൂ.
പാർക്കിലെ തടാകത്തിൽ പായൽ പിടിച്ചു തുടങ്ങിയിരുന്നു.
മറ്റ് യന്ത്രങ്ങളൊക്കെയും തുരുമ്പെടുക്കാറായി...
രണ്ട് വാഹനങ്ങൾ കുന്നുകയറി പാഞ്ഞെത്തി.
രണ്ട് കാറുകൾ...
ഗേറ്റിനു മുന്നിൽ അവ ബ്രേക്കിട്ടു.
വാച്ചർ അടുത്തു ചെന്ന് നോക്കി. പിന്നെ തിടുക്കത്തിൽ ചെന്ന് ഗേറ്റു തുറന്നു.
കാറുകൾ രണ്ടും അകത്തേക്കു പോയി. വാച്ചർ ഗേറ്റടച്ചു...
(തുടരും)