red-7

അമ്യൂസ്‌മെന്റ് പാർക്കിന്റെ പ്രധാന കെട്ടിടത്തിനു മുന്നിൽ കാറുകൾ നിന്നു.

ആദ്യത്തേതിൽ നിന്ന് ശ്രീനിവാസ കിടാവും അതിസുന്ദരിയായ ഒരു യുവതിയും ഇറങ്ങി.

ശരീരവടിവ് അപ്പാടെ പുറത്തു പ്രദർശിക്കത്തക്ക തരത്തിലുള്ള ഇറുകിയ നീല ജീൻസും വെളുത്ത ടീഷർട്ടും ആയിരുന്നു അവളുടെ വേഷം.

ഇടതു കയ്യിൽ സ്വർണ നിറത്തിലുള്ള വാച്ച്. കഴുത്തിൽ പാമ്പിനെപ്പോലെ ചുറ്റിക്കിടക്കുന്ന ഒരു മാല. കാതുകളിൽ വലിയ കമ്മലുകൾ...

ചുവപ്പു ചായം പൂശിയ ചുണ്ടും വിടർന്ന കണ്ണുകളും വലിയ ചുവന്ന പൊട്ടും.

പിന്നിലെ കാറിൽ നിന്ന് പ്രജീഷും ഇറങ്ങി അവർക്കരുകിലെത്തി.

പുറത്തു തെളിഞ്ഞു നിന്നിരുന്ന ലൈറ്റിന്റെ വെളിച്ചത്തിൽ പ്രജീഷ് സുന്ദരിയെ ആപാദചൂഡം ഒന്നു നോക്കി.

അയാളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.

പാൽപ്പാടയുടെ നിറമുള്ള ഈ സുന്ദരി?

ഓർമ്മയിൽ പ്രജീഷ് അവളെ തിരഞ്ഞു.

''കൂടുതൽ ചിന്തിച്ച് തല പുണ്ണാക്കണ്ട പ്രജീഷേ..." കിടാവ് ചിരിച്ചു.

''ദിവസവും വൈകിട്ട് ഏഴുമണിക്ക് സ്ത്രീകളെ ടിവിക്കു മുന്നിൽ പിടിച്ചിരുത്തുന്ന അതേ ആൾ തന്നെ. 'അമരാവതി' സീരിയലിലെ വില്ലത്തി."

ആ വിവരണം വല്ലാതെ രസിച്ചതുപോലെ യുവതി മാറിടമിളക്കി ചിരിച്ചു.

''സൂ...സൂസൻ.." അല്ലേ?"

ഒരിക്കൽ കൂടി സംശയം തീർത്തു പ്രജീഷ്:

''കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് അടിച്ചു പൂക്കുറ്റിയായി ട്രാഫിക് പോലീസിനെ വട്ടം കറക്കുകയും അവസാനം ഫുട്‌പാത്തിലേക്ക് കാർ ഇടിച്ചുകയറ്റി നിർത്തുകയും ചെയ്തവൾ?"

''അതെ." സൂസൻ സമ്മതിച്ചു.

''ഷൂട്ട് കഴിഞ്ഞാൽ എനിക്ക് അല്പം മദ്യപിക്കണം. അതു കഴിഞ്ഞാൽ കുറച്ച് ഡ്രൈവു ചെയ്യണം. അപ്പോൾ അങ്ങനെ ചില തമാശകളൊക്കെ ഉണ്ടായെന്നിരിക്കും."

അവൾക്ക് യാതൊരു കൂസലുമില്ല.

ഗേറ്റ് പൂട്ടിയ ശേഷം വാച്ചർ അങ്ങോട്ട് എത്തിയിരുന്നു.

കിടാവ് ഒരു താക്കോൽക്കൂട്ടം എടുത്ത് അയാൾക്കു നീട്ടി.

വാച്ചർ, താക്കോൽ തിരഞ്ഞെടുത്ത് മുറി തുറന്നു. പിന്നെ അകത്തുകയറി എ.സി ഓൺ ചെയ്തു.

അല്പനേരം കൂടി അവിടെ നിന്നിട്ടാണ് ശ്രീനിവാസ കിടാവും പ്രജീഷും സൂസനും അകത്തേക്കു കയറിയത്.

അകത്ത് തണുപ്പ് വ്യാപിച്ചു തുടങ്ങിയിരുന്നു.

വാച്ചർ, കിടാവിന്റെ കാറിൽ നിന്ന് ഏതാനും പായ്ക്കറ്റുകൾ എടുത്ത് വിശാലമായ മുറിയിലെ മേശപ്പുറത്ത് കൊണ്ടുവച്ചിട്ട് ഇനി എന്ത് ഭാവത്തിൽ നിന്നു.

''താൻ പൊയ്‌ക്കോ ആവശ്യമുണ്ടെങ്കിൽ വിളിക്കാം."

കിടാവിന്റെ ആജ്ഞ കേട്ടതേ അയാൾ മുറിവിട്ടു.

വാതിൽ അടഞ്ഞു.

''ഹോ.. ദിവസം എത്ര ലക്ഷം രൂപ വരുമാനം കിട്ടിത്തുടങ്ങിയ പാർക്കാ ഇത്? അവൻ - ആ രാമഭദ്രൻ കാരണം എല്ലാം തുലഞ്ഞു."

കടപ്പല്ലമർത്തി കിടാവ്. ശേഷം തന്റെ വെള്ള ഷർട്ട് അഴിച്ച് ഒരു കസേരയുടെ പിന്നിൽ തൂക്കി.

''ഇപ്പോഴൊന്നും ഇത് തുറക്കാൻ കഴിയില്ലേ സാർ?"

പ്രജീഷ് വിലകൂടിയ സെറ്റിയിൽ ഇരുന്നു. അയാൾക്കരുകിൽ സൂസനും.

''പാർലമെന്റ് തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ. നമുക്ക് അധികാരം കിട്ടുകയാണെങ്കിൽ ഒറ്റ മാസത്തിനുള്ളിൽ ഇത് ഓപ്പൺ ചെയ്തിരിക്കും. ആ ഒരുറപ്പിലാ രണ്ട് കോടി രൂപ ഞാൻ ഡൊണേഷൻ കൊടുത്തിരിക്കുന്നത്."

കിടാവും ഇരുന്നു. പിന്നെ സൂസനെ നോക്കി.

''എല്ലാം ഒന്ന് സെർവ് ചെയ്യെടീ."

ഗൂഢമായ ഒരു മന്ദഹാസത്തോടെ സൂസൻ എഴുന്നേറ്റു.

വാച്ചർ കൊണ്ടുവച്ച കവറുകൾ അഴിച്ചു.

ഒന്നിൽ ഒരു കുപ്പി സ്കോച്ചായിരുന്നു. അടുത്ത പായ്ക്കറ്റുകളിൽ ഫ്രൈഡ് റൈസ്, ചിക്കൻ കുഴിമന്തി, സ്നാക്സ്...

എല്ലാം എടുത്തു വച്ചിട്ട് അവൾ ചുറ്റും നോക്കി.

അലമാരയിൽ ഗ്ളാസുകളും മറ്റും കണ്ടു

മൂന്നു ഗ്ളാസുകൾ അവൾ എടുത്ത് മേശപ്പുറത്തു വച്ചു.

ഒരു അലമാര പോലെ വലിപ്പമുള്ള ഫ്രിഡ്ജിൽ നിന്ന് മിനറൽ വാട്ടറിന്റെ ബോട്ടിലുകളും എടുത്തു.

പിന്നെ താറാവിന്റെ കഴുത്തു പിരിക്കുന്നതുപോലെ സ്കോച്ചിന്റെ അടപ്പു തുറന്ന് മൂന്നു ഗ്ളാസുകളിലേക്കും പകർന്നു.

പ്രജീഷ് കൗതുകത്തോടെ അവളുടെ ഓരോ ചലനവും ശ്രദ്ധിച്ചു.

ഹൃദയത്തിന്റെ അടിത്തട്ടുവരെ ഇളക്കുന്ന ചലനം.

കിടാവ് ഒരു സിഗററ്റു കത്തിച്ച് പുകയൂതി.

വെള്ളം മിക്സു ചെയ്ത മദ്യഗ്ളാസുകൾ സൂസൻ, കിടാവിനും പ്രജീഷിനും കൊടുത്തു. അപ്പോൾ അവളുടെ വിരലുകൾ പ്രജീഷിന്റെ വിരലുകളുമായി സ്പർശിച്ചു. ഐസിൽ മുട്ടിയതു പോലെയാണ് പ്രജീഷിനു തോന്നിയത്.

''ചിയേഴ്സ്..."

മൂന്നുപേരും മദ്യം സിപ്പുചെയ്തു.

ഒരു സ്പൂണിൽ അല്പം ഫ്രൈഡ് റൈസ് കോരി സൂസൻ വായിലിട്ടു. തുടർന്ന്, കിടാവിന്റെ ചുണ്ടിലിരുന്ന സിഗററ്റ് എടുത്ത് തന്റെ അധരങ്ങൾക്കിയിൽ തിരുകി.

സൂസനിൽ നിന്ന് ഉന്മത്തമായ ഒരു ഗന്ധം പരുക്കുന്നതുപോലെ തോന്നി പ്രജീഷിന്.

സിരകളിൽ ലഹരി പടർത്തുന്ന ഗന്ധം!

മൂന്നുപേരും ആദ്യത്തെ പെഗ്ഗ് മദ്യം അകത്താക്കി.

സൂസൻ, സീരിയലിന്റെ ടൈറ്റിൽ സോംഗ് ഒന്നു മൂളി.

അനന്തരം ചിക്കൻ കുഴിമന്തിയുടെ ഒരു പീസ് എടുത്ത് കടിച്ചു.

''സൂസൻ..."

പെട്ടെന്ന് കിടാവ് ഗൗരവത്തിൽ വിളിച്ചു.

''ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അത് നിനക്കു മാത്രമേ അനായാസം ചെയ്യാൻ കഴിയൂ. നിനക്ക് മാത്രം!"

സൂസൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

(തുടരും)