statue-

വിജയവാഡ: ആന്ധ്രാപ്രദേശിലെ പട്ടണങ്ങളിൽ എവിടെച്ചെന്നാലും പ്രതിമകളാണ്. ഏറെയും രാഷ്ട്രീയ നേതാക്കളുടേത്. എന്നാൽ ഈ പ്രതിമകൾ വോട്ടർമാരെ സ്വാധീനിക്കുന്ന സ്ഥിതിവന്നാലോ. അങ്ങനെ പ്രതിമയിൽ തട്ടി വോട്ടുമറിയാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതൽ ഒരു മുഴം മുൻപേയെറിഞ്ഞു. എല്ലാ പ്രതിമകളെയും ആപാദചൂ‌ഡം മൂടിക്കളഞ്ഞു.

തിരഞ്ഞെടുപ്പ് കഴിയും വരെ ആർക്കും പ്രതിമകളെ ദർശിക്കാനാവില്ല. ആന്ധ്രയിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ മാത്രമല്ല മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളും മൂടിയിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ വെളിച്ചം കണ്ട് പുഞ്ചിരി തൂകി നിൽപ്പുണ്ട്. അബ്ദുൽ കലാമിന്റെെ പ്രതിമയും മൂടിയിട്ടില്ല. രാഷ്ട്രീയബന്ധമില്ലാത്ത സാംസ്‌കാരിക നായകരുടെ പ്രതിമകളും മൂടപ്പെട്ടിട്ടില്ല. പക്ഷേ ഈ ഗണത്തിലുള്ള പ്രതിമകൾ അപൂർവമാണെന്ന് മാത്രം. ആന്‌ധ്രയിൽ സ്ഥിതി ഇതാണെങ്കിലും തൊട്ടടുത്ത് തമിഴ്നാട്ടിൽ പ്രതിമകളെ ആരും മൂടിയിട്ടില്ല.