red-8

ശ്രീനിവാസ കിടാവ് വിശദീകരിച്ചു:

''ഇനിയുള്ള രണ്ടുമാസക്കാലം നിനക്ക് ഇവിടെയാണല്ലോ ഷൂട്ട്? ആ സമയം നീ താമസിക്കേണ്ടത് ഹോട്ടലിൽ അല്ല."

''പിന്നെ?" സൂസൻ നെറ്റിചുളിച്ചു.

''ഇവിടുത്തെ പേരുകേട്ട ഒരു കോവിലകത്ത്. വടക്കേ കോവിലകം. ഒരു പക്ഷേ നീ കേട്ടിട്ടുണ്ടാവും."

''ഉണ്ട്." സൂസൻ പറഞ്ഞു. ''ഞാൻ അവിടെ താമസിച്ചിട്ട്?"

''അവിടെ ഒരു സുന്ദരിക്കുട്ടിയുണ്ട്. പാഞ്ചാലി. അവളുമായി നീ അടുക്കണം. അവളുടെ മനസ്സിൽ ഉള്ളതൊക്കെ ചുരണ്ടിയെടുക്കണം. നീ എന്തു പറഞ്ഞാലും അവൾ അനുസരിക്കണം."

സൂസൻ തലയാട്ടി.

''അതൊക്കെ ഞാൻ ഏറ്റു."

കിടാവ്, പ്രജീഷിന്റെ നേരെ തിരിഞ്ഞു:

''നമ്മുടെ പദ്ധതിക്ക് ഇവൾ തന്നെയാണ് നല്ലത്. അല്ലാതെ ചന്ദ്രകല ഇനി എത്ര അടുക്കാൻ ശ്രമിച്ചാലും പാഞ്ചാലി ഒരകലമിട്ടേ നിൽക്കൂ. ഈ കാര്യം പ്രജീഷ് തന്നെ ചന്ദ്രകലയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം."

''അത് ഞാൻ ഏറ്റു." പ്രജീഷ് ഒന്നുകൂടി സൂസനെ നോക്കി.

അവളുടെ കടക്കണ്ണുകൾ അയാളെ കോർത്തുവലിച്ചു.

തീറ്റയും കുടിയും തുടർന്നു.

മൂന്നുപേരും നല്ല ഫോമിലായി.

അപ്പോൾ ശ്രീനിവാസ കിടാവ് എഴുന്നേറ്റു. ഷർട്ട് എടുത്തു ധരിച്ചു.

''പ്രജീഷ്. നിനക്ക് ഈ രാത്രി സൂസനുമായി മിണ്ടിയും പറഞ്ഞും ഇരിക്കാം."

അയാൾ ഒന്നു കണ്ണിറുക്കി.

പ്രജീഷിന് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

''അപ്പോൾ ഗുഡ്‌നൈറ്റ്."

രണ്ടുപേരോടുമായി പറഞ്ഞിട്ട് കിടാവ് പുറത്തേക്കു പോയി. വാതിൽ തുറന്നടഞ്ഞു.

പ്രജീഷ് ചെന്ന് അതിന്റെ അകത്തെ ലോക്കിട്ടു.

അടുത്ത പ്രഭാതം.

പാഞ്ചാലി ഉണർന്നു കിടക്കാൻ തുടങ്ങിയിട്ട് സമയം ഒത്തിരിയായി.

സാധാരണ പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേൽക്കും അവൾ.

അപ്പോൾ ഫ്ളാസ്കിൽ ചൂടു കാപ്പി ഉണ്ടായിരിക്കും.

തലേന്നു രാത്രി തന്നെ സുധാമണി അത് തയ്യാറാക്കിവച്ചിരിക്കും.

അതും കുടിച്ചുകൊണ്ടാവും പാഞ്ചാലി പഠിക്കാനിരിക്കുക.

ഇപ്പോൾ വെക്കേഷൻ ടൈം ആണെങ്കിലും ആ സമയത്തുതന്നെ അവൾ എഴുന്നേൽക്കുകയും കാപ്പി കഴിച്ചിട്ട് വല്ല നോവലുകളും വായിക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ ഇന്ന് കാപ്പി കിട്ടിയില്ല. മാത്രമല്ല തലേ രാത്രിയിൽ ഒരുപാട് ദുഃസ്വപ്നങ്ങളും അവൾ കണ്ടു.

നാടുകാണി ചുരത്തിൽ രക്തത്തിൽ കുളിച്ച് കാറിനുള്ളിൽ പപ്പ...

അദ്ദേഹത്തെ നോക്കി പുച്ഛത്തോടെ നിൽക്കുന്ന ശ്രീനിവാസ കിടാവ്!

പിന്നെ രാത്രിയിൽ തന്നെ കൊല്ലാൻ ആരോ പതുങ്ങി മുറിയിലേക്കു വരുന്നു... സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി മമ്മി! കയ്യിൽ നീട്ടിപ്പിടിച്ച കത്തി...

പുലർച്ചയ്ക്കു തൊട്ടു മുൻപാണ് പാഞ്ചാലി ആ സ്വപ്നം കണ്ടത്.

വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ഒരിക്കൽ സുധാമണി പറഞ്ഞത് അവൾ ഓർത്തു. അതോടെ ഉറക്കം പോയി.

ഏഴ് മണി.

പുറത്ത് ശബ്ദമൊന്നും കേട്ടില്ല.

പാഞ്ചാലി പതുക്കെ എഴുന്നേറ്റു. വാതിൽ തുറന്നു.

നടുമുറ്റവും വരാന്തയുമൊക്കെ ശൂന്യം. പടിഞ്ഞാറുഭാഗത്തു നിൽക്കുന്ന കർപ്പൂര മാവിന്റെ ഇലകൾ ഓടിനു പുറത്തുകൂടി പറന്നു വന്ന് നടുമുറ്റത്ത് ചിതറിക്കിടക്കന്നു...

സുധേടത്തി ഇനി വരില്ല. അവൾക്ക് അറിയാം. വന്നിരുന്നെങ്കിൽ ആദ്യം ഈ കരിയിലകൾ പെറുക്കി കളഞ്ഞേനെ...

പാഞ്ചാലി അടുക്കളയിലേക്കു നടന്നു.

തീൻമേശയ്ക്കു പിറകിൽ ചന്ദ്രകല ഉണ്ടായിരുന്നു.

കാപ്പി ഊതിക്കുടിക്കുകയാണ് അവൾ.

പാഞ്ചാലിയെ കണ്ടതും ആ മുഖത്ത് അനിഷ്ടം മൊട്ടിട്ടു. അവൾ പറഞ്ഞു:

''സുധാമണി ഇനി വരില്ല. അതുകൊണ്ട് അവനവനു വേണ്ടത് സ്വയം ഉണ്ടാക്കി കഴിക്കണം. അല്ല നിനക്ക് അതിനുള്ള പ്രായവും ഉണ്ടല്ലോ...."

''മമ്മീ...." പാഞ്ചാലി എന്തോ ചോദിക്കാൻ ഭാവിച്ചു.

''വേണ്ടാ." ചന്ദ്രകല കൈ ഉയർത്തി.

''ഈ വീട്ടിൽ നിന്റെ ഇഷ്ടമല്ലേ നടക്കത്തൊള്ളൂ.?"

പാഞ്ചാലി പിന്നെ മിണ്ടിയില്ല. അടുക്കളയിൽ കയറി തനിക്കു വേണ്ട കാപ്പി സ്വയം ഉണ്ടാക്കി.

മനസ്സു വിങ്ങുകയായിരുന്നു അവളുടെ.

സുധേടത്തി പറഞ്ഞത് സത്യം തന്നെയാണ്. ഈ സ്ത്രീ തന്റെ യഥാർത്ഥ മമ്മിയായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ലായിരുന്നു....

പത്ത് മണി.

ചന്ദ്രകല അണിഞ്ഞൊരുങ്ങി.

പച്ച പട്ടുസാരിയും അതിനു ചേരുന്ന ബ്ളൗസും.

കൈകളിൽ പച്ച രത്നങ്ങൾ പതിച്ച വളകൾ. നെറ്റിയിൽ പച്ച സിന്ദൂരപ്പൊട്ട്.

ചെറിയ വാനിറ്റി ബാഗും കയ്യിലെടുത്ത് കാറിന്റെ ചാവി വിരലിലിട്ടു കറക്കിക്കൊണ്ട് അവൾ പുറത്തേക്കു പോയി.

പാഞ്ചാലിയെ കണ്ടെങ്കിലും എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

അവൾ തന്റെ സ്കോഡ കാറിൽ കയറി. ഇടിമിന്നൽ പോലെ കാർ പാഞ്ഞുപോയി.

ജാനലയ്ക്കൽ നിന്ന് ഇത് ശ്രദ്ധിച്ചു പാഞ്ചാലി.

പിന്നെ വളരെ പെട്ടെന്ന് അവളും തിരിഞ്ഞു. തന്റെ മുറിയിലെത്തി വേഷം മാറി.

കോവിലകം പൂട്ടി താക്കോൽ ഉത്തരത്തിൽ വച്ചിട്ട് തിടുക്കത്തിൽ ഇറങ്ങി.

സുധേടത്തിയെ കാണണം.

എല്ലാ സത്യങ്ങളും അറിയണം.

അതായിരുന്നു അവളുടെ തീരുമാനം.

മൈലാടിയിൽ ആയിരുന്നു സുധാമണിയുടെ വീട്. രണ്ടുമൂന്നുവട്ടം പാഞ്ചാലി അവിടെ പോയിട്ടുണ്ട്.

വെയിൽ വകവയ്ക്കാതെ തിടുക്കത്തിൽ അവൾ നടന്നു.

ചാലിയാർ പുഴയ്ക്കു കുറുകെയുള്ള

മൈലാടിപ്പാലത്തിൽ അവൾ എത്തി.

എതിരെ 'ആഢ്യൻപാറ'യിലേക്ക് ഒരു ടൂറിസ്റ്റ് ബസ് മെല്ലെ പോയി.

അവൾ പാലം കടക്കാൻ ഭാവിച്ചതും പിന്നിൽ സൈക്കിളിന്റെ ബല്ലും തുടർന്ന് ഒരു വിളിയും.:

''പാഞ്ചാലീ..."

(തുടരും)