lion-

കേപ് ടൗൺ: ആന ചവിട്ടിക്കൊന്ന കാ​ണ്ടാ​മൃ​ഗ വേ​ട്ട​ക്കാ​ര​നെ സിംഹം ഭക്ഷണമാക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലാ​ണു സം​ഭ​വം. വേ​ട്ട​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നവരാണ് വിവരം പുറത്തറിയിച്ചത്. തുടർന്ന് പാർ​ക്ക് അധികൃതർ നടത്തിയ തെരച്ചിലിൽ ത​ല​യോ​ട്ടി​യും ഒ​രു ജോ​ടി വ​സ്ത്ര​വും മാത്രമേ കണ്ടെത്താനായുള്ളൂ.

കഴിഞ്ഞയാഴ്ചയാണ് അഞ്ച് കണ്ടാമൃഗ വേട്ടക്കാർ പാർക്കിൽ തോക്കുകളും മറ്റ് ആയുധങ്ങളുമായി പാർക്കിൽ പ്രവേശിച്ചത്. ഇവരിൽ ഒരാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മറ്റുള്ളവർ ആനയുടെ മുന്നിൽ നിന്ന് ഒാടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.

ആനയുടെ ആക്രമണത്തിൽ മരിച്ച വേട്ടക്കാരന്റെ മൃതദേഹം സംഘത്തിലൊരാൾ റോഡിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാൽ പൊടുന്നനെ മൃതദേഹം അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞ്. തെരച്ചിലിൽ കുറച്ചകലെയുള്ള നദിക്കരയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട മറ്റ് നാല് വേട്ടക്കാരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

സിംഹങ്ങൾക്കും കാണ്ടാമൃഗങ്ങൾക്കും പേരുകേട്ടതാണ് ക്രൂ​ഗ​ർ ദേ​ശീ​യ ഉ​ദ്യാ​നം.വന്യമൃഗങ്ങൾ ഏറെ ഉള്ളതിനാൽ ഇവിടേയ്ക്ക് കാൽനടയായി പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ആയിരക്കണക്കിന് സന്ദർശകരാണ് ഒാരോവർഷവും ഇവിടെയെത്തുന്നത്. ലോകത്തിലെ എൺപതുശതമാനം കാണ്ടാമൃഗങ്ങളും ദക്ഷിണാഫ്രിക്കയിലാണ്. ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള വേട്ടയാടലും പതിവാണ്. കാ​ണ്ടാ​മൃ​ഗ​ത്തി​ന്റെ കൊമ്പാണ് വേട്ടക്കാരുടെ പ്രധാന ലക്ഷ്യം. ഏ​ഷ്യ​ൻ വി​പ​ണി​യി​ൽ ഇതിന് ആവശ്യക്കാരേറെയാണ്.