ramesh-chennithala

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ചിലെ ഏറ്റവും ഉയർന്ന പലിശനിരക്കിലാണ് കിഫ്ബിയുടെ മസാല ബോണ്ട് ഇറക്കിയതെന്നും ഇത് സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ, അന്തർദേശീയ മസാല ബോണ്ടുകളിൽ ഏറ്റവും ഉയർന്ന പലിശയായ 9.72 ശതമാനമാണ് കിഫ്ബി നൽകുന്നത്.

ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ പോലും 4.5ശതമാനം പലിശയ്ക്കാണ് മസാല ബോണ്ടിറക്കിയത്. 2150 കോടിയുടെ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യുവിന് പ്രതിവർഷം 209കോടി എന്ന കണക്കിൽ 25വർഷത്തേക്ക് 5224.50കോടി രൂപ പലിശ നൽകണം. 25വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാവുമ്പോൾ 7374.50 കോടിയാവും. ഇത് കേരളത്തെ കടക്കെണിയിലേക്ക് തള്ളിയിടും. ഇത്രയും ഉയർന്ന പലിശനിരക്കിൽ കടമെടുക്കാനുള്ള അടിയന്തരസാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഇടപാടിനെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ ചെന്നിത്തല പറഞ്ഞു.

കാനഡയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന സി.ഡി.പി.ക്യു, പൂട്ടിപ്പോയ കമ്പനികളെ പുനരുദ്ധരിച്ച് കൈമാറുന്നതിനാണ് ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. കേരളത്തിൽ ഇങ്ങനെയൊരു സാഹചര്യമില്ല. ലാഭമുണ്ടാക്കുന്ന പദ്ധതികൾക്കായാണ് മറ്റ് കമ്പനികൾ കടമെടുക്കുന്നത്. എന്നാൽ ഇവിടെ സർക്കാരാണ് പലിശ നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലാവ്‌ലിൻ കമ്പനിയിൽ പുറത്തുള്ള ആകെ 40ശതമാനം ഓഹരികളിൽ 20 ശതമാനവും സി.ഡി.പി.ക്യുവിനാണ്. രണ്ട് കമ്പനികൾക്കും ഒരേ വൈസ്‌പ്രസിഡന്റും ഡയറക്ടറുമാണ്. പലിശ തീരുമാനിച്ചത് സർക്കാരാണ്.

ചെന്നിത്തലയുടെ നാല് ചോദ്യങ്ങൾ

1.പലിശ

ഇത്രയും ഉയർന്ന പലിശനൽകി എന്തിനാണ് കടമെടുക്കുന്നത്? കേരളത്തിൽ ബാങ്ക് പലിശ 5.7ശതമാനമേയുള്ളൂ.

2.ലാവ്‌ലിൻ

മാർച്ച് 23 മുതൽ 27വരെ ലാവ്‌ലിനുമായി ബന്ധമുള്ള നാല് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയോ ? വഴുതക്കാട് താജ്‌വിവാന്ത ഹോട്ടലിൽ തങ്ങിയ ഇവർ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമുമായും ചർച്ച നടത്തിയോ? ചർച്ചയ്ക്ക് നേതൃത്വം നൽകിയത് ഏറിസ് സീഗൽ ലാവ്‌‌ലിന്റെ ഡയറക്ടറല്ലേ? സി.ഡി.പി.ക്യുവുമായാണ് ഇടപാടെങ്കിൽ ലാവ്‌ലിൻ ഡയറക്ടർ എന്തിനാണ് ചർച്ചയ്ക്ക് വന്നത്? .

3.പലിശ

മസാലാബോണ്ടിന് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ ഏറ്റവും ഉയർന്ന പലിശ കൊടുക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത്? ലണ്ടനിലാണ് എല്ലാം തീരുമാനിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. ട്രഷറിയിൽ പണമില്ലാത്തതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കുന്ന സർക്കാർ ഇത്ര വലിയ പലിശ എങ്ങനെ തിരിച്ചടയ്ക്കും?

4.രഹസ്യം

കിഫ്ബി മസാല ബോണ്ടിന്റെ കാര്യത്തിൽ ഇത്രവലിയ രഹസ്യമെന്തിനാണ്? ആരാണ് ബോണ്ട് വാങ്ങിയതെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചില്ല. ആരൊക്കെയാണ് ബോണ്ട് വാങ്ങിയതെന്ന് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നില്ല. ഇത്രവലിയ സാമ്പത്തികബാദ്ധ്യത ജനങ്ങളുടെ തലയിൽവയ്ക്കുമ്പോൾ വിവരങ്ങൾ ആരും അറിയേണ്ടേ?