1

തിരുവനന്തപുരം: ചന്ദ്രയാൻ- 2, സൂര്യനെപ്പറ്റി പഠിക്കാനുള്ള ആദിത്യ എൽ-1 ദൗത്യങ്ങളുടെ ഒരുക്കം പുരോഗമിക്കുകയാണെന്നും ശുക്രനിലേക്കുള്ള ദൗത്യം ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇവ ശാസ്ത്ര ലോകത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടമാവുമെന്നും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ.കസ്തൂരി രംഗൻ പറഞ്ഞു. തുമ്പ വിക്രംസാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലാബിന്റെ (എസ്.പി.എൽ) സുവർണ ജൂബിലി ആഘോഷം ഡോ. ശ്രീനിവാസൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എെ.എസ്.ആർ.ഒയുടെ പരീക്ഷണങ്ങളും ദൗത്യങ്ങളും സംബന്ധിക്കുന്ന വിവരങ്ങൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ഭൗതിക ശാസ്ത്രത്തിന് വളരെ പ്രാധാന്യമുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്ത് വളരെ മികച്ച രീതിയിൽ അമ്പത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എസ്.പി.എൽ. ദേശീയ, അന്തർദേശീയ തലത്തിൽ അതുല്യ നേട്ടം കൈവരിക്കുന്ന കേന്ദ്രമായി അടുത്ത അമ്പത് വർഷത്തിനിടെ എസ്.പി എൽ മാറും. സുവർണജൂബിലി സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ബഹിരാകാശ ഗവേഷണ രംഗത്തെ വി.എസ്.എസ്.സിയുടെ നേട്ടങ്ങൾ വിവരിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. എസ്.പി.എൽ മുൻ ഡയറക്ടർമാരായ ബി.വി. കൃഷ്ണമൂർത്തി, ആർ.ശ്രീധരൻ, കെ.കൃഷ്ണമൂർത്തി, അനിൽ ഭരദ്വാജ് എന്നിവരെ ആദരിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി അസോ.ഡയറക്ടർ വി.കിഷോർനാഥ് പ്രമേയാവതരണം നടത്തി. വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥ് സ്വാഗതവും എസ്.പി.എൽ ഡയറക്ടർ രാധിക രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ആഘോഷങ്ങൾ ഇന്ന് സമാപിക്കും.

യുവിക എല്ലാ വർഷവും

വിദ്യർത്ഥികൾക്ക് ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനായി ഐ.എസ്.ആർ.ഒ സംഘടിപ്പിക്കുന്ന യംഗ് സയന്റിസ്റ്റ് പ്രോഗ്രാം (യുവിക) എല്ലാവർഷവും ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ അറിയിച്ചു. ഒമ്പതാം ക്ലാസിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കായാണ് യുവിക സംഘടിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികളാണ് മേയ് രണ്ടാം വാരം നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. വി.എസ്.എസ്.സി, അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ, ബംഗളൂരുവിലെ യു.ആർ.എസ്.സി, മേഘാലയിലെ നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റ‌ർ എന്നിവിടങ്ങളിൽ രണ്ടാഴ്ചയാണ് പരിശീലനം. വിദ്യാർത്ഥികൾക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ സന്ദർശിക്കാനുള്ള സൗകര്യവും ലഭിക്കും.