മദ്യപിച്ചതിന്റെ പേരിൽ മാത്രം ആരെയും അറസ്റ്റ് ചെയ്ത് പെറ്റി കേസെടുക്കുന്ന സമ്പ്രദായം പാടില്ലെന്ന് സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ സർക്കുലർ ഇറക്കേണ്ടിവന്നത് മനുഷ്യാവകാശകമ്മിഷന്റെ നിർദ്ദേശത്തെത്തുടർന്നാണ്. ഡി.ജി.പിയുടെ സർക്കുലർ പുറത്തുവരുന്നതിനു മുമ്പ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ്‌കുമാർ ഗുരുദിൻ വിവേചനരഹിതമായ മദ്യവേട്ടയ്ക്കെതിരെ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
മദ്യനിരോധനം നിലവിലില്ലാത്ത നാട്ടിൽ മദ്യവില്പനയുടെ കുത്തകാവകാശം തന്നെ സർക്കാരിനാണ്. മദ്യത്തിൽ നിന്ന് ഒരു വർഷം പന്ത്രണ്ടായിരം കോടി രൂപ ഖജനാവിൽ എത്തുന്നുമുണ്ട്. ആളുകൾ യഥേഷ്ടം മദ്യം വാങ്ങി കുടിക്കുന്നതു വഴിയാണ് സർക്കാരിന് ഈ നേട്ടമുണ്ടാകുന്നത്. ഒട്ടേറെ പഴികൾ കേൾക്കേണ്ടി വന്നിട്ടും മദ്യവില്പനയ്ക്ക് ഇടക്കാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇപ്പോഴത്തെ സർക്കാർ അയവു വരുത്തിയതു തന്നെ റവന്യൂ വരുമാനത്തിൽ കണ്ണുവച്ചാണെന്നത് രഹസ്യമൊന്നുമല്ല. നാടുനീളെ തുറന്നുവച്ചിട്ടുള്ള ബാറുകളിലും ബിവറേജസ് കോർപറേഷന്റെയും മറ്റും മദ്യവില്പനശാലകളിലും കച്ചവടം കൊഴുക്കുന്നത് ആളുകൾ ഇരച്ചുകയറുന്നതുകൊണ്ടാണ്. സർക്കാരിന്റെ നികുതി വരുമാനത്തിൽ ഗണ്യമായ പങ്ക് മദ്യത്തിൽ നിന്നുള്ളതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മദ്യപന്മാരെ അധമവർഗമായിട്ടാണ് നിയമപാലകരായ പൊലീസ് കരുതുന്നത്. മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് മോട്ടോർ നിയമപ്രകാരം കുറ്റമാണ്. അതിൽ ആർക്കും തർക്കവുമില്ല. എന്നാൽ അതിന്റെ പേരിൽ പൊലീസിൽ നിന്നുണ്ടാകുന്ന പലതരത്തിലുള്ള പീഡനങ്ങൾക്ക് ന്യായീകരണമൊന്നുമില്ല. നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസിന് അധികാരമുണ്ട്. ഇങ്ങനെ പിടികൂടുന്നവർക്കെതിരെ നിയമാനുസൃത നടപടി എടുത്ത ശേഷം മാന്യമായി പറഞ്ഞുവിടാവുന്നതേയുള്ളൂ. ശിക്ഷിക്കാനുള്ള അധികാരം കോടതിക്കാണ്. എന്നാൽ പലപ്പോഴും പൊലീസ് തന്നെ കോടതിയുടെ അധികാരവും കൈയാളുന്നതായി വ്യാപകമായ പരാതി ഉയരാറുണ്ട്. സഭ്യേതരമായ പെരുമാറ്റവും പലവിധത്തിലുള്ള അവഹേളനവും അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ മനോനില ഊഹിക്കാവുന്നതേയുള്ളൂ. മദ്യപിച്ചു എന്ന ഒറ്റക്കാരണത്താൽ ആളുകളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതും അവിടെ നിറുത്തി പീഡിപ്പിക്കുന്നതും സേനയുടെ വില ജനമദ്ധ്യത്തിൽ ഇടിച്ചുതാഴ്‌ത്താനേ ഉപകരിക്കൂ എന്ന് ഡി.ജി.പിയുടെ സർക്കുലറിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. നേരത്തെ മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതും ഇതേ കാര്യം തന്നെയാണ്. മദ്യപിച്ചതിന്റെ പേരിൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നത് അമിതാധികാര പ്രയോഗമായേ കാണാനാവൂ.
വാഹനവുമായി പോകുന്നവരെ നടുറോഡിൽ തടഞ്ഞുനിറുത്തി പ്രാകൃതമുറയിൽ മദ്യപരിശോധന നടത്തുന്ന സമ്പ്രദായം നാട്ടിലുടനീളം ദിവസേന നടക്കുന്നുണ്ട്. സംസ്കാരത്തിനു യോജിക്കാത്ത ഇത്തരം പരിശോധന മനുഷ്യന്റെ അന്തസിനു നിരക്കാത്തതാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. വാഹന പരിശോധനയുടെ പേരിൽ നടക്കുന്ന പല അപരിഷ്‌കൃത നടപടികളിലൊന്നു മാത്രമാണ് നടുറോഡിൽ നിന്നുകൊണ്ടുള്ള പൊലീസിന്റെ ഊത്തു പരിശോധന. മദ്യപിച്ചയാൾ എന്തോ മഹാപരാധം ചെയ്തുവെന്ന മട്ടിൽ പൊലീസ് വ്യക്തിഹത്യയ്ക്കു മുതിരുമ്പോൾ തലകുനിച്ചു നിൽക്കുന്നവർ പൊതുനിരത്തുകളിൽ പലേടത്തും പതിവു കാഴ്ചയാണ്. സംസ്കാരത്തിനും പൊലീസ് സേനയുടെ അന്തസിനും നിരക്കാത്ത ഇത്തരം പീഡനമുറകളിൽ നിന്ന് പൊലീസ് സേന മുക്തമായിട്ടില്ലെന്നതിനു തെളിവാണ് മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പിയും ഒന്നിനു പിറകെ ഒന്നായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ. കൊടും കുറ്റങ്ങൾ ആളും തരവും നോക്കി കൈകാര്യം ചെയ്യാറുള്ള പൊലീസ് മദ്യപരിശോധനയ്ക്കിടെ കാണിക്കുന്ന വീറും വാശിയും സമാനതകളില്ലാത്തതാണ്. ടാർഗറ്റ് തികയ്ക്കാൻ വേണ്ടി എന്നും റോഡിലിറങ്ങി വാഹന പരിശോധന നടത്തുന്ന പൊലീസിന്റെ സമീപനം തീരെ സൗഹാർദ്ദപരമല്ലാതാകുന്നതിൽ അതിശയമില്ല. ഇപ്പോഴത്തെ കൊടും ചൂടിലും കാത്തുനിന്ന് വാഹനം തടഞ്ഞുനിറുത്തി മദ്യപരെയും തലയിൽ ഹെൽമറ്റ് ഇല്ലാത്തവരെയും പിടികൂടി പെറ്റി അടിക്കുന്നതിലെ പങ്കപ്പാട് മനസിലാക്കാവുന്നതേയുള്ളൂ. വാഹന പരിശോധനയുമായി ബന്ധപ്പെട്ടു തന്നെ പൊലീസ് മേധാവികൾ ഇതിനകം എത്രയോ സർക്കുലറുകൾ ഇറക്കിക്കഴിഞ്ഞു. ഏതെങ്കിലുമൊന്നു നടപ്പായിട്ടുണ്ടോ? സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന ശാഠ്യം അത് ഇറക്കുന്നവർക്കുണ്ടെങ്കിലല്ലേ അതിനു വിലയുണ്ടാകൂ.