തിരുവനന്തപുരം : പഠിക്കാനായി ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന് സമരം ചെയ്യേണ്ടിവന്നത് കേരളീയ സമൂഹത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഇതിന് മറുപടി പറയേണ്ടിവരും. ആസിം പഠിക്കുന്ന ഗവ. മാപ്പിള യു.പി.എസിനെ ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡുചെയ്യാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് പഠിക്കണമെന്നാവശ്യവുമായി ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവായ ആസീം നടത്തിയ വീൽചെയർ സഹനസമരത്തിന്റെ സമാപനം സെക്രട്ടേറിയറ്റ് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കാലുകൊണ്ടെഴുതിയ കത്തുമായി ആസീം മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പരിഗണിക്കാമെന്ന് വാഗ്‌ദാനം നൽകിയ മുഖ്യമന്ത്രി പിന്നീട് ഇക്കാര്യം നിരസിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
ആസീമിന്റെ പോരാട്ടത്തിൻ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ധ്യക്ഷത വഹിച്ച കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. 90ശതമാനവും വൈകല്യമുള്ള ആസിം കോഴിക്കോട് വെള്ളിമണ്ണ ഗവ. യു.പി സ്‌കൂൾ പരിസരത്ത് നിന്ന് ഫെബ്രുവരി 15 ന് തുടങ്ങിയ വീൽചെയർ യാത്ര 450 കി.മീ താണ്ടിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരസമിതി ചെയർമാൻ കരിം പാല, പൗരസമിതി കൺവീനർ മാലിക്, ജി.ബി. ഹരി, സലാഹുദീൻ ഐ.ഒ. ബി, ഹാരീസ് രാജ്, ഡോ. നൗഷാദ് തെക്കയിൽ, കുഞ്ഞിമൊയ്തീൻ ഹാജി, ആനന്ദ് തിരുവുല്ലവാരം തുടങ്ങിയവർ സംസാരിച്ചു.