തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ സർക്കാരിന് വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് പ്രസംഗിച്ച ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രൻ പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന താക്കീതോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കത്തു നൽകി.
ചീഫ് സെക്രട്ടറി മുഖേനെയാണ് മന്ത്രിക്ക് കത്തു നൽകിയത്. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. ദൈവത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ദൈവനാമത്തിൽ നീതിയുക്തമല്ലാത്ത സ്വാധീനം ചെലുത്തുന്നത് ജനപ്രാതിനിദ്ധ്യ നിയമം അനുസരിച്ച് കുറ്റകരമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമിതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യേരിയിലെ റാലിയിലായിരുന്നു കടകംപള്ളിയുടെ വിവാദ പരാമർശം.