വർക്കല: നഗരസഭയുടെ ജവഹർലാൽ നെഹ്റു ടൗൺഹാളിന്റെ നവീകരണം നടത്തുന്നതിൽ ഗുരുതരമായ വീഴ്ചയെന്ന് ആക്ഷേപം. 1964ൽ ഇന്ത്യൻ നാഷണൽ പ്രസിഡന്റായിരുന്ന കെ. കാമരാജാണ് ശിലാസ്ഥാപനം നടത്തിയത്. 1985ൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്റി സി.എം. സുന്ദരം ടൗൺഹാളിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. നവീകരണത്തിനായി മാറിമാറി വരുന്ന ഭരണസമിതികൾ കോടികളാണ് ഓരോ ബഡ്ജറ്റുകളിലും വകയിരുത്തുന്നത്. എന്നാൽ ഒന്നും നടന്നില്ലെന്നുമാത്രം.
തകർച്ചാഭീഷണി നേരിടുന്ന ഹാളിനുള്ളിൽ ഇപ്പോഴും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. മഴക്കാലത്ത് ചോർന്നൊലിക്കും. വേനൽകാലത്ത് വിയർത്ത് കുളിച്ചിരിക്കണം. ടൗൺഹാൾ നവീകരിക്കുന്നതിന് 2018-19ലെ നഗരസഭ ബഡ്ജറ്റിൽ രണ്ട്കോടി രൂപയാണ് വകയിരുത്തിയത്. 2019-20ലെ ബഡ്ജറ്റിൽ ഒന്നരക്കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബഡ്ജറ്റുകളിൽ മാത്രം തുക വകയിരുത്തുന്നതിനായി ഒരു കെട്ടിടം വർക്കല നഗരത്തിന്റെ ഹൃദയഭാഗത്ത് നോക്കുകുത്തിയായി സ്ഥിതി ചെയ്യുകയാണ്. പ്രധാന കെട്ടിടത്തിന്റെ മേൽകൂരയും ഭിത്തികളും പലയിടത്തും വിണ്ടുകീറിയിട്ടുണ്ട്. അലങ്കാര റൂഫിംഗ് പലഭാഗത്തും ഇളകിയും ചുമരുകളിൽ പതിപ്പിച്ചിട്ടുളള കയർമാറ്റുകൾ ദ്രവിച്ച് നിലയിലുമാണ്. സ്റ്റേജിനകത്തെ അലങ്കാരങ്ങളും ലൈറ്റിംഗ് സംവിധാനവും പ്രവർത്തനയോഗ്യമല്ല. തകർച്ചയിലാണെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും മറ്റും യോഗങ്ങളും കലാപരിപാടികളും നടത്തുന്നതിനായി ആശ്രയിക്കുന്നുണ്ട്. ഫീസ് വാങ്ങി വേദി വിട്ടുനൽകുന്നുണ്ടെങ്കിവും പരിപാടികൾ നടത്തുന്നതിനായി വേദി സജ്ജമാക്കി എടുക്കുന്നതിന് സംഘാടകർക്ക് നല്ലൊരു തുക മുടക്കേണ്ടിയും വരുന്നു. വേദിക്കു മുന്നിലെ രണ്ട് കോംക്രീറ്ര് തൂണുകളും പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്. ഇതു പലപ്പോഴും സംഘാടകർ തുണികൊണ്ട് പൊതിഞ്ഞാണ് നാണക്കേട് മറയ്ക്കുന്നത്. ശബ്ദ സംവിധാനങ്ങളും തകരാറിലാണ്. നല്ലൊരു മൈക്ക്സെറ്റ് പോലും ഇല്ല. ഇരിപ്പിടങ്ങളാകട്ടെ കാലപ്പഴക്കം ചെന്നവയാണ്. പരിപാടി നടത്തുന്നതിന് എല്ലാം വാടകയ്ക്കെടുക്കേണ്ട ഗതികേടിലാണ്. ഹാളിലേക്കുളള പ്രധാനകവാടം റോഡിനേക്കാൾ താഴ്ചയിലാണ്. മഴപെയ്താൽ വെളളം ഹാളിനകത്ത് കയറും.