നെടുമങ്ങാട്: കത്തുന്ന വെയിലിലും കവലകളിൽ ആളെക്കൂട്ടി തെരുവുനാടകങ്ങൾ കൈയടി നേടുന്നു. സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്ന കലാസംഘങ്ങളാണ് നട്ടുച്ചയ്ക്കും തെരുവുകളെ സജീവമാക്കുന്നത്. സമകാലിക സംഭവങ്ങൾ ഇതിവൃത്തമാക്കിയുള്ള കലാരൂപങ്ങൾ കാണാൻ പൊരി വെയിലത്തും വൻ ജനാവലിയാണ് തടിച്ചു കൂടുന്നത്. ഇടതു സ്ഥാനാർത്ഥി ഡോ.എ.സമ്പത്തിനു വേണ്ടി രംഗത്തുള്ളത് ബാലസംഘം പ്രവർത്തകർ. ''ഞങ്ങൾക്കും പറയാനുണ്ട്''എന്ന വിളംബര ബാനറിൽ എത്തുന്ന സംഘം ആസിഫ മുതൽ അഴിമതി വരെയുള്ള വിഷയങ്ങൾ വിമർശനാത്മകമായി അവതരിപ്പിക്കുന്നുണ്ട്. പോത്തൻകോട്ട് എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് പ്രവീൺ ഉദ്‌ഘാടനം ചെയ്ത കലാജാഥ പതിനേഴ് മേഖലകളിൽ പര്യടനം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് വെമ്പായത്ത് സമാപിച്ചു. വിസ്മയ മുരളിധരൻ, സൂര്യാ സുരേഷ്, ആര്യാ, അഞ്ജലി, രാജേന്ദ്രൻ, നന്ദന, കീർത്തി, അനശ്വര, ഇർഫാൻ, ഹംദാൻ, മിധുൻ മനോജ്, ഷംനാദ്, അഭിജിത്ത്, നന്ദു, നികുഞ്ജൻ എന്നിവരാണ് വേഷമിട്ടെത്തിയത്. രാജേന്ദ്രൻ പൂങ്കുമൂട് ജാഥാ മാനേജരായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനൊപ്പം എൽ.ഇ.ഡി വാൾ ക്രമീകരണമുള്ള കലാസംഘമാണ് സഞ്ചരിക്കുന്നത്. ''മുരടിച്ച ആറ്റിങ്ങലിനു മോചനമേകാൻ'' എന്ന പേരിലുള്ള പ്രൊജക്ടർ പ്രദർശനം അണികളെ ആവേശം കൊള്ളിക്കുന്നുണ്ട്. കോന്നി നിയോജക മണ്ഡലത്തിൽ അടൂർ പ്രകാശ് കൈവരിച്ച നേട്ടങ്ങളുടെ പട്ടിക സ്‌ക്രീനിലൂടെ ജനങ്ങളിലേയ്ക്ക് എളുപ്പം എത്തിക്കാൻ കഴിയുന്നുണ്ടെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയൻ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിൽ നൂറോളം കേന്ദ്രങ്ങളിൽ ഇതിനകം എൽ.ഇ.ഡി പ്രദർശനം നടന്നുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് സംസ്കാര സാഹിതി പ്രവർത്തകരുടെ കലാജാഥ. വിശ്വാസ സംരക്ഷണം മുൻ നിർത്തിയുള്ള തെരുവുനാടകമാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന് വേണ്ടി അരങ്ങൊരുക്കുന്നത്. പന്ത്രണ്ടംഗ യുവമോർച്ച സംഘമാണ് നാടകസംഘത്തെ നയിക്കുന്നത്. ബി.ജെ.പി നെടുമങ്ങാട്ട് മണ്ഡലം പ്രസിഡന്റ് പൂവത്തൂർ ജയൻ, ടൗൺ ഏരിയ പ്രസിഡന്റ് ഉദയകുമാർ, പാർത്ഥ സാരഥി, പരിയാരം സജു, കൊല്ലങ്കാവ് മണിക്കുട്ടൻ, പ്രശാന്ത് തുടങ്ങിയവർ കലാസംഘത്തിന് സ്വീകരണം നൽകി.