ആറ്റിങ്ങൽ: വക്കം കണ്ണമംഗലം ക്ഷേത്രത്തിന് സമീപം വാക്കുതർക്കത്തിനിടെ യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി നിലയ്ക്കാമുക്ക് പാറയടി കോണത്തുവീട്ടിൽ സന്തോഷിനെ (38) റിമാൻഡ് ചെയ്തു. മുൻ വൈരാഗ്യമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വക്കം റൈറ്റർവിള ചുങ്കക്കുടി വീട്ടിൽ ബിനുവിനെ (37) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
ശനിയാഴ്ച രാത്രി 11.30 ഒാടെ കണ്ണമംഗലത്ത് ഉത്സവത്തിനെത്തിയ ബിനുവും സന്തോഷുമായി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് അടിപിടിയുണ്ടായി.
നിലത്തുവീണ ബിനുവിനെ സന്തോഷ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിനൊന്ന് വർഷം മുമ്പ് സന്തോഷിനെ ബിനു മർദ്ദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.അന്നത്തെ സംഭവത്തിന് ശേഷം സന്തോഷ് വക്കത്തു നിന്ന് കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പറടയിലേക്ക് താമസം മാറി. ഏറെ നാൾ ശത്രുക്കളായി നടന്ന ഇരുവരും പിന്നീട് വൈരം മറന്ന് സൗഹൃദത്തിലായിരുന്നു. എന്നാൽ ഇതിന്റെ വൈരാഗ്യം മനസിൽ സൂക്ഷിച്ചിരുന്ന സന്തോഷ് അവസരം കാത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ബിനുവിനെതിരെയും മരപ്പണിക്കാരനായ സന്തോഷിനെതിരെയും നിരവധി കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ എസ്.ഷെരീഫ്, സബ് ഇൻസ്പെക്ടർ ഹനീഫാ റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.