ksrtc-logo

തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ സാവകാശ ഹർജിയോ അപ്പീലോ നൽകുന്നത് കെ.എസ് ആർ.ടി.സി പരിഗണിക്കുന്നു. ഇതിലേക്ക് എം.ഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ഉത്തരവ് പ്രാവർത്തികമാക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ആവശ്യമാണ്. കഴിഞ്ഞ വർഷം 3,​861 എംപാനൽ കണ്ടക്ടർമാരെ പിരിച്ച് വിട്ടപ്പോൾ അഡ്വൈസ് മെമ്മോ കിട്ടി പുറത്ത് നിന്ന ഉദ്യോഗാർത്ഥികളെയാണ് ഒഴിവിലേക്ക് പരിഗണിച്ചത്. അതിനാൽ കാര്യങ്ങൾ വളരെ വേഗത്തിൽ നടന്നു. എന്നാൽ ഡ്രൈവർമാരുടെ കാര്യത്തിൽ ഇത് പ്രാവർത്തികമല്ല. 2012 ആഗസ്റ്റ് 23ന് നിലവിൽ വന്ന പി.എസ്‌.സി പട്ടികയിലെ ഉദ്യോഗാർത്ഥികളാണ് ഹർജിക്കാർ. 2016 ഡിസംബറിൽ കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നാണ് നിയമം നടത്തേണ്ടത്. ഇവർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടില്ല. അടിയന്തരമായി അഡ്വൈസ് മെമ്മോകൾ തയാറാക്കി നൽകിയാലും നിയമനം വൈകുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.

സർവീസ് മുടങ്ങില്ലെന്ന്

കോടതി ഉത്തരവ് നടപ്പിലാക്കിയാലും സർവീസുകൾ മുടങ്ങില്ലെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്.

ടോമിൻ ജെ. തച്ചങ്കരി എം.ഡിയായിരുന്ന കാലത്ത് ഡ്രൈവർമാരുടെ ക്ഷാമം അനുഭവപ്പെട്ടപ്പോൾ, എംപ്ലോയ്മെന്റ് വഴി കുറച്ചു പേരെ നിയമിച്ചിരുന്നു. കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്നുള്ളവരെയാണ് ഇതിനായി പരിഗണിച്ചത്. നിലവിൽ 9,​000 സ്ഥിരം ഡ്രൈവർമാർ കെ.എസ്.ആർ.ടി.സിക്കുണ്ട്. ഉത്തരവ് നടപ്പിലാക്കേണ്ടി വന്നാലും സർവീസുകൾ മുടങ്ങാതെ പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രതിഷേധവുമായി എംപാനലുകാർ

ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എംപാനൽഡ് സമരസമിതി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് കെ.എസ്.ആർ.ടി.സിയെ വൻ നഷ്ടത്തിലേക്ക് നയിക്കുമെന്നും സർക്കാരിന്റെ കഴിവുകേടാണ് കെ.എസ്.ആർ.ടി.സിയെ ഈ നിലയിലെത്തിച്ചതെന്നുമാണ് സമരസമിതി പ്രതികരിച്ചത്.