തിരുവനന്തപുരം: മുസ്ലീംലീഗിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും എല്ലാ തീവ്രവാദ വിഭാഗങ്ങളുമായും സഹകരിക്കുന്ന പാർട്ടിയായി ലീഗ് മാറിക്കഴിഞ്ഞുവെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ലീഗിന് മതേതര സ്വഭാവമില്ലാതായെന്ന് എൽ.ഡി.എഫ് പറയുന്നത് മറ്റാരുടെയെങ്കിലും അഭിപ്രായം പരിഗണിച്ചല്ല. രാഷ്ട്രീയത്തെ മതവുമായി കൂട്ടികലർത്താൻ പാടില്ലെന്നതാണ് എൽ.ഡി.എഫിന്റെ നിലപാട്. ആർ.എസ്.എസും ബി.ജെ.പിയും ഇവ തമ്മിൽ കൂട്ടികെട്ടാനാണ് ശ്രമിക്കുന്നത്. ഇതുപോലുള്ള ശ്രമമാണ് ലീഗും നടത്തുന്നത്. വാഗ്ദാന ലംഘനങ്ങൾ മറച്ചുവയ്ക്കാനാണ് ബി.ജെ.പി പ്രകടനപത്രികയിൽ രാമക്ഷേത്രവും ശബരിമലയുമൊക്കെ നിറച്ചുവച്ചിരിക്കുന്നത്.കേരളത്തിലെ 20 സീറ്റിലും എൽ.ഡി.എഫ് ജയിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കൂടുതൽ സാന്നിദ്ധ്യം ആവശ്യമാണെന്ന് അവർ തിരിച്ചറിയുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ സംരക്ഷണ കാര്യത്തിൽ വലിയ ആശയക്കുഴപ്പമുള്ള പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. മതേതരത്വത്തിന്റെ സംരക്ഷണത്തിൽ ബി.ജെ.പിയുമായുള്ള ഏറ്റുമുട്ടലിൽ ഇടതുപക്ഷത്തിന്റെ പങ്ക് മനസിലാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ആർ.എസ്.എസ്-ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കാനുള്ള വിവിധ ശ്രമങ്ങളെ കോൺഗ്രസ് തുരങ്കം വയ്ക്കുന്നു. പശ്ചിമബംഗാളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാൻ ഇടതുപക്ഷം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. നിലവിൽ തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ പരസ്പര മത്സരം ഒഴിവാക്കുക എന്ന നിർദ്ദേശം തള്ളുകയായിരുന്നു കോൺഗ്രസ്.
എൽ.ഡി.എഫ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി ആർ.കിരൺബാബു, സെക്രട്ടറി സുരേഷ് വെള്ളിമംഗലം എന്നിവർ സംബന്ധിച്ചു.