election-2019

തിരുവനന്തപുരം: മുസ്ലീം ലീഗിനെ വിമർശിക്കുന്ന കാര്യത്തിൽ വൃന്ദാകാരാട്ടിനും യോഗി ആദിത്യനാഥിനും ഒരേഭാഷയാണെന്നും ലീഗ് മതേതര പാർട്ടിയല്ലെന്ന പ്രസ്താവന പിൻവലിച്ച് വൃന്ദ മാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പു ഗാനങ്ങളുടെ സി.ഡി പ്രകാശനം ഇന്ദിരാഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യ പാർട്ടിയായ മുസ്ലീംലീഗിന് വൃന്ദയുടെയും യോഗി ആദിത്യനാഥിന്റെയും സർട്ടിഫിക്കറ്റ് വേണ്ട. കടുത്ത ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിന്റെ ഭാഷയിൽ ഒരു ഇടത് നേതാവ് സംസാരിക്കുന്നത് ഞെട്ടിക്കുന്നതാണ്. അര നൂറ്റാണ്ടായി പാർലമെന്റിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കെ.പി.സി.സി പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.പ്രശാന്ത്, വിജയൻ തോമസ്, ബിന്ദു രവി,ആർ.വി.രാജേഷ്, വിനോദ് കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. മുടവൻമുഗൾ രവിയാണ് സി.ഡിയുടെ ഏകോപനം.