തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് നിർണയത്തിനുള്ള സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാനുള്ള ഓർഡിനൻസിനെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സർക്കാർ വിശദീകരണം നൽകി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അനുമതി നൽകാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനയച്ച ഓർഡിനൻസ് കഴിഞ്ഞദിവസം കേന്ദ്ര കമ്മിഷനും മടക്കി സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഓർഡിനൻസിന്റെ ഗുണഭോക്താക്കൾ എത്രപേരാണ് എന്നതടക്കമുള്ള വിവരങ്ങളാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്നും രണ്ട് മാസത്തിനകം ഉത്തരവ് നടപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ നൽകിയ വിശദീകരണത്തിലുണ്ട്. ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ മുഖേനയാണ് കേന്ദ്ര കമ്മിഷന് മറുപടി നൽകിയത്.
ഫീസ് നിർണയ സമിതി രണ്ട് മാസത്തിനകം ഫീസ് പുനർനിർണയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അവധിക്കാല ബെഞ്ചിൽ ഹർജി നൽകും. ഏപ്രിൽ 28നകം ഉത്തരവ് നടപ്പാക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് സർക്കാർ ഫീസ് നിർണയ സമിതി, പ്രവേശനമേൽനോട്ട സമിതി എന്നിവയുടെ അംഗസംഖ്യ യഥാക്രമം അഞ്ചും ആറുമാക്കി കുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. മാർച്ച് 20ന് മന്ത്റിസഭ അനുമതി നൽകിയതിനാൽ കമ്മിഷന്റെ അനുമതി വേണ്ടെന്നായിരുന്നു ചീഫ്സെക്രട്ടറി ടോംജോസ് അദ്ധ്യക്ഷനായ സ്ക്രീനിംഗ് സമിതിയുടെ തീരുമാനം. മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒപ്പിടാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പി.സദാശിവം ഓർഡിനൻസ് സർക്കാരിലേക്ക് മടക്കിയിരുന്നു. അനുമതിക്കായി സർക്കാർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ചെങ്കിലും ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഓർഡിനൻസിന് അംഗീകാരം ലഭിച്ചാലേ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ ഫീസ് നിർണയ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ. എന്നാൽ ഇത് ഈ വർഷത്തെ മെഡിക്കൽ പ്രവേശന നടപടികളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.