പാറശാല: മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും സംഘപരിവാർ- ആർ.എസ്.എസ് നയങ്ങൾ നടപ്പാക്കുന്നതുമായ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. മതത്തിന്റെ പേരിൽ എവിടെ ആക്രമണം നടന്നാലും അവരെ ആശ്വസിപ്പിക്കാൻ പാർട്ടിയും പിണറായി സർക്കാരും എത്തിയിട്ടുണ്ട്. എന്നാൽ അവിടെയൊന്നും കോൺഗ്രസിന്റെയോ ബി.ജെ.പി യുടെയോ നേതാക്കൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി സി.ദിവാകരന്റെ പ്രചാരണാർത്ഥം പാറശാലയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഭരണഘടനാപരമായ പ്രതിജ്ഞകൾക്ക് വിരുദ്ധമായി സംഘപരിവാർ, ആർ.എസ്.എസ് നയങ്ങൾ പിന്തുടരുകയാണ് കേന്ദ്ര സർക്കാർ.എന്നാൽ, ബദൽ സാമ്പത്തിക നയങ്ങളിലൂടെ പാവങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. വർഗീയതയെ ചെറുക്കുന്നതിനും മതന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിനും നാം ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ടതാണെന്നും വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു . സ്ഥാനാർത്ഥി സി.ദിവാകരനെ സദസിലുള്ളവർക്ക് വൃന്ദ പരിചയപ്പെടുത്തി. പാറശാല പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി അദ്ധ്യക്ഷത വഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ, സി.പി.എം.പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി കടകുളം ശശി, ഏരിയാ കമ്മിറ്റി അംഗം ഡി.കെ.ശശി, മുൻ മന്ത്രി എം.വിജയകുമാർ, എൻ. രതീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.