ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിഷുദിനത്തിൽ പ്രഖ്യാപിക്കും
മുംബയ് : മേയ് 3ന് ഇംഗ്ളണ്ടിലും വെയിൽസിലുമായി തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
വിഷു ദിനത്തിൽ മുംബയ്‌യിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം പ്രഖ്യാപനം. അന്നേദിവസം ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനായി എത്തുന്ന നായകൻ വിരാട് കൊഹ്‌ലിയും സെലകഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ചീഫ് സെലക്ഷൻ എം.എസ്.കെ. പ്രസാദ്, പരിശീലകൻ രവി ശാസ്ത്രി എന്നിവരും യോഗത്തിലുണ്ടാകും.
ഏപ്രിൽ 23 ആണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ 15 അംഗ ടീമിനെ പ്രഖ്യാപിക്കാൻ നൽകിയിരിക്കുന്ന അവസാന സമയം. എന്നാൽ, കളിക്കാർക്ക് മാനസികമായി തയ്യാറെടുക്കാനായാണ് ഒരാഴ്ച മുന്നേ ടീമിനെ പ്രഖ്യാപിക്കുന്നതെന്ന് എം.എസ്.കെ. പ്രസാദ് പറഞ്ഞു. 20 പേരടങ്ങുന്ന ലിസ്റ്റിൽ നിന്ന് 15 പേരെ ഏറക്കുറെ നിശ്ചയിച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ പൊസിഷനിൽ ആരാകണമെന്നതിൽ മാത്രമേ ചർച്ച വേണ്ടിവരുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു.
2011ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ലോകകപ്പ് നേടിയ ഇന്ത്യ 2015ൽ ആസ്ട്രേലിയയോട് സെമിഫൈനലിൽ തോറ്റ് പുറത്തായിരുന്നു. കുറച്ചു നാളായി വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിന് കീഴിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇന്ത്യ പക്ഷേ, കഴിഞ്ഞ മാസം ആസ്ട്രേലിയയ്ക്കെതിരെ സ്വന്തം നാട്ടിൽ ട്വന്റി-20, ഏകദിന പരമ്പരകൾ തോറ്റതിന്റെ ക്ഷീണത്തിലാണ്. അതേസമയം ആസ്ട്രേലിയ ലോകകപ്പ് വിജയത്തിന് ശേഷം ഫോം നഷ്ടപ്പെട്ട നിലയിലായിരുന്നു. സ്റ്റീവൻ സ്മിത്തിനെയും ഡേവിഡ് വാർണറെയും പന്തുരയ്ക്കൽ കേസിൽ വിലക്കി മാറ്റി നിറുത്തേണ്ടിവരികയും ചെയ്തതോടെ സ്വന്തം നാട്ടിലും വിദേശത്തുമായി ആറ് ഏകദിന പരമ്പരകളാണ് അവർ തുടർച്ചയായ തോറ്റത്. എന്നാൽ, ഇന്ത്യയെ കീഴടക്കിയശേഷം പാകിസ്ഥാനെതിരെയും അവർ പരമ്പര തൂത്തുവാരിക്കഴിഞ്ഞു.
നാലാം നമ്പർ ബാറ്റ്സ്‌മാനായി ആരെ ഇറക്കണം, രണ്ടാം ആൾ റൗണ്ടറായി ആരുണ്ടാകണം എന്നതൊക്കെയാണ് സെലക്ടർമാർക്ക് മുന്നിൽ ഇപ്പോഴും കീറാമുട്ടിയായി ഉള്ളത്. അമ്പാട്ടി റായ്ഡു, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ബാറ്റിംഗ് ഓർഡറിലെ നാലാം നമ്പരിൽ കാത്തുനിൽക്കുന്നത്. രണ്ടാം ആൾ റൗണ്ടറാകാൻ രവീന്ദ്ര ജഡേജയും വിജയ് ശർമ്മയും തമ്മിലാണ് മത്സരം.
നാലിലൊന്നാമൻ ഇവരിൽ ആര്
ഇന്ത്യൻ ടീമിലെ നാലാം നമ്പർ പൊസിഷനിൽ അവസരം കാത്തുനിൽക്കുന്നവർ ഇവരൊക്കെയാണ്.
അമ്പാട്ടി റായ്ഡു
സ്ഥിരമായി ഫോമിലാകത്തതാണ് അമ്പാട്ടി റായ്ഡുവിന്റെ പ്രശ്നം. ഈ ഐ.പി.എല്ലിലൂടെ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാമെന്ന മോഹവും നടന്നിട്ടില്ല. അഞ്ച് ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് നേടിയത് 55 റൺസ് മാത്രം.
ദിനേഷ് കാർത്തിക്
വിക്കറ്റ് കീപ്പറാണ്. പരിചയ സമ്പന്നനാണ്, നേതൃഗുണവുമുണ്ട്. ഇതൊക്കെയാണ് ദിനേഷ് കാർത്തിക്കിന്റെ പ്ളസ് പോയിന്റുകൾ. എന്നാൽ, സ്ഥിരതയോടെ ടീമിൽ തുടരാൻ കഴിഞ്ഞിട്ടില്ല. ഐ.പി.എല്ലിൽ ഡൽഹിക്കെതിരെ അർദ്ധ സെഞ്ച്വറി നേടി.
ഋഷഭ് പന്ത്
യുവ വെടിക്കെട്ടുവീരനാണ്. പക്ഷേ, ഒന്നുകിൽ അങ്ങേയറ്റത്ത്. അല്ലെങ്കിൽ ഇങ്ങേയറ്റത്ത് എന്നതാണ് സ്ഥിതി. അതുകൊണ്ടുതന്നെയാണ് സ്ഥിരമായി കളിപ്പിക്കാൻ സെലക്ടർമാർക്കും പേടി. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ തന്നെ 27 പന്തിന് 78 റൺസടിച്ച വീരൻ.
കെ.എൽ. രാഹുൽ
വ്യക്തി ജീവിതത്തിലെ തിരിച്ചടികൾക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ രാഹുൽ ആസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ മികവ് കാട്ടി. ഐ.പി.എല്ലിലും മോശമല്ലാത്ത പ്രകടനം. ഇംഗ്ളണ്ടിലെ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവുണ്ട്. വേണമെങ്കിൽ വിക്കറ്റ് കീപ്പറുമാകും.