പാറശാല: ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് തൂക്കമഹോത്സവം ദർശിക്കാൻ വൻ ഭക്തജന പ്രവാഹമാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ 4 ന് നടന്ന അഭിഷേകവും മുട്ടുകുത്തി നമസ്കാരവും കഴിഞ്ഞ ഉടൻ തന്നെ ദേവിയെ പച്ച പന്തലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് 6ന് തൂക്ക നേർച്ചകൾ ആരംഭിച്ചു. പൊള്ളുന്ന വെയിലിനെ അവഗണിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഓരോ വണ്ടിയോട്ടത്തിന് ശേഷവും തൂക്ക വില്ല് വലിക്കുന്നതിനും അനുബന്ധ ഒരുക്കങ്ങൾക്കുമായി മുന്നോട്ട് വന്നത്. ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 1730 തൂക്കങ്ങളിൽ ഇന്നലെ വൈകിട്ട് 7 വരെ നടന്ന 210 തൂക്കങ്ങളിലായി 840 നേർച്ച തൂക്കങ്ങളാണ് നടന്നത്. രാത്രിയിലും തുടർന്ന തൂക്ക നേർച്ചകൾ ഇന്ന് രാവിലെ 11ഓടെ മാത്രമേ പൂർത്തിയാകുകയുള്ളു. തുടർന്ന് വില്ലിൻ ചുവട്ടിൽ നടക്കുന്ന ഗുരുസിയോടെ ഇത്തവത്തെ തൂക്ക മഹോത്സവം സമാപിക്കും. ഉത്സവത്തിന്റെ ഏകോപനത്തിനായി കന്യാകുമാരി കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ മേധാവികളടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.