uefa-champions-league
uefa champions league

ടോട്ടൻ ഹാം Vs മാഞ്ചസ്റ്റർ സിറ്റി

രാത്രി 12.30 മുതൽ ടെൻ ചാനലുകളിൽ

ഇന്നത്തെ ഏറ്റവും ആവേശജനകമായ പോരാട്ടം ടോട്ടൻഹാം ഹോട്സ്പറും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ആദ്യപാദ ക്വാർട്ടർ ഫൈനലാണ്. ടോട്ടൻ ഹാമിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് മാഞ്ചസ്റ്റർ സിറ്റി. ടോട്ടൻഹാമാകട്ടെ മൂന്നാമൻമാരും. എന്നാൽ, ഇവർ തമ്മിൽ 16 പോയിന്റുകളുടെ വ്യത്യാസമുണ്ട്. സിറ്റിക്ക് 80. ടോട്ടൻഹാമിന് 64.

ലിവർപൂളുമായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടത്തിനായി കടുത്ത പോരാട്ടത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇവർ തമ്മിൽ രണ്ട് പോയിന്റുകളുടെ വ്യത്യാസമേയുള്ളൂ. അതേസമയം, സിറ്റിക്ക് ഒരു മത്സരം അധികവുമുണ്ട്.

ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ചരിത്രമുള്ള പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ കോച്ച്.

മികച്ച ഫോമിലുള്ള സെർജി അഗ്യൂറോ, ഗബ്രിയേൽ ജീസസ്, കെവിൻ ഡി ബ്രുയാൻ, ലെറോയ് സാണ, ഡേവിഡ് സിൽവ, റഹിം സ്റ്റെർലിംഗ്, ഇക്കേയ് ഗുണ്ടോഗൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

കഴിഞ്ഞ അഞ്ച് മത്സരങ്ങളും വിജയിച്ച ടീമാണ് സിറ്റി. ടോട്ടൻ ഹാമിനാകട്ടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ മാത്രം. രണ്ടെണ്ണം തോറ്റു. ഒരു സമനില.

മൗറീഷ്യോ പൊച്ചേട്ടീനോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാം ടീമിൽ ഇംഗ്ളീഷ് നായകൻ ഹാരി കേയ്ൻ, ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, സൺഹ്യുംഗമിൻ, യൊൻ വെർട്ടോംഗൻ, ഡെലെ അല്ലി, ലൂക്കാസ് മൗറ, എറിക് ഡയർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ലിവർപൂൾ Vs എഫ്.സി. പോർട്ടോ

(രാത്രി 12.30 മുതൽ ടെൻ ചാനൽ ശൃംഖലയിൽ)

യൂറോപ്യൻ ചരിത്രത്തിലെ സുവർണനാളുകൾ വീണ്ടെടുക്കാനുള്ള ലിവർപൂളിന്റെ യാത്രയിലെ പ്രധാന വഴിത്തിരിവാണ് എഫ്.സി. പോർട്ടോയുമായുള്ള ഇന്നത്തെ ആദ്യപാദ ക്വാർട്ടർ ഫൈനൽ.

മൂന്ന് പതിറ്റാണ്ടിനു ശേഷമുള്ള യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ കിരീട നേട്ടമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്.

ഇക്കുറി പ്രിമിയർലീഗിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. 1989-90 സീസണിന് ശേഷം ഇതുവരെ ഫസ്റ്റ് ഡിവിഷൻ കിരീടം നേടിയിട്ടില്ല.

ജർമ്മൻകാരനായ യുർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ലിവർപൂൾ ഇക്കുറി പ്രീ ക്വാർട്ടറിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ മറികടന്നാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തിയത്.

യോർദാൻ വെൻഡേഴ്സൺ നയിക്കുന്ന ടീമിൽ ഈജിപ്ഷ്യൻ മാന്ത്രികൻ മുഹമ്മദ് സലായാണ് സൂപ്പർതാരം. വിർജിൽ വാൻഡിക്, ജോർജിനോ വിയനാൽഡം, റോബർട്ടോ ഫിർമിനോ, ജെയിംസ് മിൽനർ, ഷെർദാൻ ഷാക്കീരി, ഡിവോക്ക് ഒിജി, സാഡിയോ മാനേ തുടങ്ങിയവർ അണിനിരക്കുന്നു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ എല്ലാറ്റിലും വിജയം നേടി മികച്ച ഫോമിലാണ് ലിവർപൂൾ യൂറോപ്യൻ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് ഇന്നത്തെ ആദ്യപാദ ക്വാർട്ടർ ഫൈനൽ.

പോർച്ചുഗലിൽ നിന്ന് യൂറോപ്യൻ തലത്തിൽ ഏറ്റവും പെരുമ നേടിയ ടീമാണ് എഫ്.സി. പോർട്ടോ. മുൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാണ്.

2003-04 സീസണിൽ ഹൊസെമൗറീഞ്ഞോയുടെ പരിശീലനത്തിന് കീഴിലാണ് പോർട്ടോ ചാമ്പ്യൻസ് ലീഗ് നേടിയത്.

ഇപ്പോൾ സെർജിയോ കോൺസീക്കാവോയാണ് മുഖ്യപരിശീലകൻ.

യാസീൻ ബ്രാഹിമി, ഹെക്ടർ ഹെരേര, യാവോ വെന്ധ്രോ, വിൻസന്റ് അബൂബക്കർ തുടങ്ങിയവർക്കൊപ്പം വെറ്ററൻമാരായ ഐക്കർ കസിയസ്, വെപെ, മാക്സി പെരേര തുടങ്ങിയവരും സംഘത്തിലുണ്ട്.

6

കഴിഞ്ഞ ആറ് സീസണുകളിലായി ഒരു ഇംഗ്ളീഷ് ക്ളബ് പോലും ചാമ്പ്യൻസ് ലീഗ് ജേതാക്കളായിട്ടില്ല.

2011-12

സീസണിൽ ചെൽസിയാണ് ഒടുവിൽ ചാമ്പ്യൻസ് ലീഗ് നേടിയ ഇംഗ്ളീഷ് ക്ളബ്.

4

ഇതുവരെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിട്ടില്ലാത്ത മാഞ്ചസ്റ്റർ സിറ്റി ഇത്തവണ നാല് കിരീടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഇംഗ്ളീഷ് ലീഗ് കപ്പ് നേടിക്കഴിഞ്ഞു. എഫ്.എ. കപ്പിൽ ഫൈനലിലെത്തി. പ്രിമിയർ ലീഗിൽ രണ്ടാമത് ഒപ്പം ചാമ്പ്യൻസ് ലീഗും.

5

തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമാണ് ലിവർപൂൾ. ഏറ്റവും കൂടുതൽ തവണ യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ചാമ്പ്യൻമാരായ ഇംഗ്ളീഷ് ക്ളബും ലിവർ തന്നെ. അഞ്ചുതവണ റണ്ണേഴസ് അപ്പുമായി.

2005

ലാണ് ലിവർപൂൾ അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തി റയൽ മാഡ്രിസിനോട് തോറ്റു.

2

തവണ എഫ്.സി. പോർട്ടോ യൂറോപ്യൻ ചാമ്പ്യന്മാരായിട്ടുണ്ട്.