ചെന്നൈ : ശനിയാഴ്ച കളിക്കളത്തിൽ വച്ച് ക്യാപ്ടൻ ധോണിയുടെ ദേഷ്യ പ്രകടനത്തിന് വിധേയനാകേണ്ടിവന്ന തന്നെ മത്സരത്തിനുശേഷം ധോണി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതായി ചെന്നൈ സൂപ്പർകിംഗ്സ് താരം ദീപക് ചഹർ. തന്റെ സങ്കടമെല്ലാം ധോണിയുടെ കെട്ടിപ്പിടുത്തത്തോടെ മാറിയതായും ചഹർ പറഞ്ഞു.
പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിനിടെയാണ് ധോണി പതിവില്ലാത്തവിധം രോഷാകുലനായി പെരുമാറിയത്. പഞ്ചാബിനെതിരെ 19-ാം ഓവർ ബൗൾ ചെയ്യാൻ ധോണി പന്തേൽപ്പിച്ചത് ചഹറിനെയാണ്. അപ്പോൾ പഞ്ചാബിന് ജയിക്കാൻ 12 പന്തുകളിൽ വേണ്ടിയിരുന്നത് 39 റൺസായിരുന്നു.
ചഹർ തന്റെ ആദ്യ രണ്ട് പന്തുകളും ഹൈ ഫുൾടോസ് നോബാളാക്കിയതാണ് ധോണിയെ ചൊടിപ്പിച്ചത്. ആദ്യ പന്ത് നോബാളാക്കിയപ്പോൾ ധോണി അത് കാര്യമാക്കിയില്ല. ഡേവിഡ് മില്ലർ ഇത് ബൗണ്ടറി പായിക്കുകയും ചെയ്തു. അടുത്ത പന്തും സമാനമായ രീതിയിൽ ബൗണ്ടറിയിലേക്ക് പറത്തിയപ്പോഴാണ് ക്യാപ്ടന്റെ തനിനിറം പുറത്തുവന്നത്.
ചഹറിനടുത്തേക്ക് വന്ന് രൂക്ഷമായ രീതിയിലാണ് ധോണി സംസാരിച്ചത്. സങ്കടത്തോടെ അടുത്ത പന്തെറിയാൻ പോയ ചഹർ പക്ഷേ, പിന്നീട് പിഴവുകളൊന്നും വരുത്തിയില്ല. ആ ഓവറിൽ ആകെ വിട്ടുകൊടുത്തത് 13 റൺസ് മാത്രവും. അവസാന ഓവറിൽ സ്കോട്ട് കുഗ്ളെയ്ൻ മൂന്ന് റൺസ് മാത്രം വിട്ടു കൊടുത്തപ്പോൾ മത്സരം 22 റൺസിന് ചെന്നൈ ജയിച്ചു.
ധോണിയുടെ ഫീൽഡിലെ പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ, കളി ജയിച്ചശേഷം കെട്ടിപ്പിടിച്ചപ്പോൾ എല്ലാ സങ്കടവും മാറിയെന്നും പിന്നീട് ചഹർ പറഞ്ഞു. ധോണിയിൽ നിന്ന് വഴക്കു കിട്ടിയത് തനിക്ക് ഗുണം ചെയ്തുവെന്നും ചഹർ പറഞ്ഞു.