മൊഹാലി : ഈ സീസണിലെ തന്റെ മൂന്നാം അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഡേവിഡ് വാർണർ പഞ്ചാബ് കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 150/4 എന്ന നിലയിലെത്തിച്ചു.
ടോസ് നേടി പഞ്ചാബ് കിംഗ്സ് ഇലവൻ ക്യാപ്ടൻ അശ്വിൻ ഫീൽഡിംഗാണ് തിരഞ്ഞെടുത്തത്. 62 പന്തുകളിൽ ആറ് ഫോറുകളും ഒരു സിക്സുമടക്കം പുറത്താകാതെ 70 റൺസ് നേടിയ വാർണർ ഓപ്പണിംഗിലെ തന്റെ പങ്കാളി ബെയർസ്റ്റോ പുറത്തായശേഷം വിജയ് ശങ്കർ (26), മുഹമ്മദ് നബി (12), മനീഷ് പാണ്ഡെ (19 ) എന്നിവരെക്കൂട്ടി അവസാന പന്തുവരെ പൊരുതുകയായിരുന്നു.
സ്കോർ ബോർഡിൽ ഏഴ് റൺസ് മാത്രമുള്ളപ്പോഴാണ് സൺ റൈസേഴ്സിന് ബെയർ സ്റ്റോയെ നഷ്ടമായത്. വാർണറും വിജയ് ശങ്കറും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. 11-ാ0 ഓവറിലാണ് വിജയ് ശങ്കർ പുറത്തായത്. നബി 14-ാം ഓവറിലും മനീഷ് പാണ്ഡെ അവസാന ഓവറിലും മടങ്ങി.