കൊല്ലം: ഗൃഹപ്രവേശം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും മുഹമ്മദിന്റെ വീട്ടിലെ ആൾത്തിരക്കൊഴിയുന്നില്ല. രണ്ട് നിലയുള്ള വീട് കാണാനല്ല, മതിൽ കാണാനാണ് നൂറുകണക്കിനാളുകൾ വന്നുകൊണ്ടിരിക്കുന്നത്. ട്രെയിൻ മാതൃകയിലാണ് മതിൽ നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോട് എലത്തൂരിനടുത്ത് വെസ്റ്റീൽ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ വിഭാഗത്തിൽ ജീവനക്കാരനായ മേലേ പാലങ്ങാട്ട് ഒറ്റപ്പിലാക്കൽ വീട്ടിൽ മുഹമ്മദിന് വീടിന് മുന്നിൽ ഇലക്ട്രിക് ട്രെയിൻ നിർമ്മിച്ചതിന്റെ പെരുത്ത സന്തോഷവുമുണ്ട്.
പുതിയ വീട് നിർമ്മിച്ചപ്പോൾ മുറ്റത്തെ കിണറിന് ഉരുളിയുടെ രൂപം കൊടുക്കാനാണ് മുഹമ്മദ് തീരുമാനിച്ചത്. കലാകാരനായ കോഴിക്കോട് ആരാമ്പ്രം പുതുക്കുഴി വീട്ടിൽ ഷാജി ആരാമ്പ്രത്തെയാണ് ഉരുളിക്കിണർ നിർമ്മിക്കാൻ നിയോഗിച്ചത്. മുഹമ്മദിന് റെയിൽവേയിലാണ് ജോലിയെന്നറിഞ്ഞപ്പോൾ ഷാജിയാണ് മതിൽ തീവണ്ടി മോഡലിൽ നിർമ്മിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്. വോളിബാൾ കളിക്കാരനായ മുഹമ്മദ് സ്പോർട്സ്മാൻ സ്പിരിറ്റിൽ അത് ഉൾക്കൊണ്ടു. നിർമ്മാണം പൂർത്തിയാകാറായ മതിൽ തീവണ്ടി രൂപത്തിലാക്കാമെന്ന് ഷാജി ഉറപ്പ് നൽകിയപ്പോൾ മുഹമ്മദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭാര്യ ഷെഫിയയും മക്കൾ ആഷിക് മുഹമ്മദും റാഫിക് റഹ്മാനും അബ്ദുൽ ഫാസിക്കും മതിൽ ട്രെയിനിന് പച്ചക്കൊടി കാട്ടി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പത്ത് ദിവസം കൊണ്ട് ഷാജി തീവണ്ടി മതിൽ പൂർത്തിയാക്കി. ഏഴടി പൊക്കവും എഴുപത് മീറ്റർ നീളവുമുള്ള തീവണ്ടിമതിലിൽ എൻജിനും നാല് ബോഗികളുമുണ്ട്. ഗേറ്റിന്റെ ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്. ഇവിടെ ഒരു ബോഗികൂടി പണിയുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഒർജിനൽ ട്രെയിനാണെന്നേ തോന്നുകയുള്ളു. നാല്പതിനായിരം രൂപ ഇതിന് വേണ്ടി ചെലവ് വന്നെങ്കിലും മുഹമ്മദ് ഹാപ്പിയാണ്. 2026ൽ റെയിൽവേയിൽ നിന്ന് വിരമിക്കും. അപ്പോഴും വീട്ടുമുറ്റത്ത് ട്രെയിനുണ്ടാകുമല്ലോയെന്നാണ് മുഹമ്മദ് പറയുന്നത്. ട്രെയിന് അറ്റകുറ്റപ്പണികൾ നടത്തുന്ന ജാഗ്രതയോടെ മതിലും സംരക്ഷിക്കാനാണ് തീരുമാനം. മാർച്ച് 31ന് വൈകിട്ടായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങ്. അന്ന് മുതൽ ഇന്നുവരെയും ആൾത്തിരക്ക് ഒഴിയുന്നില്ല.
തീവണ്ടി മതിലിനോട് ചേർന്ന് സെൽഫിയെടുക്കാനാണ് എല്ലാവർക്കും ഇഷ്ടം. സാമൂഹ്യമാദ്ധ്യമങ്ങളിൽ മതിൽ ഹിറ്റായതോടെ ദൂരനാടുകളിൽ നിന്നും ആളുകളെത്തുകയാണ്.