a-vijayraghavan

തിരുവനന്തപുരം: ബി.ജെ.പി ഏതെങ്കിലും സീറ്രിൽ ജയിക്കാതിരിക്കാൻ എൽ.ഡി.എഫ്, യു.‌ഡി.എഫിന് വോട്ട് മറിച്ച് നൽകില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന ചില സർവേ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള കൗമുദി ഫ്ലാഷിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്പിക്കാൻ യു.ഡി.എഫിനെ പിന്തുണയ്ക്കില്ല. നാട്ടുകാർ വോട്ട് ചെയ്യുകയാണെങ്കിൽ ബി.ജെ.പി ജയിക്കട്ടെ. കേന്ദ്രം ബി.ജെ.പി ഭരിക്കുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പിക്ക് വിജയസാദ്ധ്യത ചൂണ്ടിക്കാട്ടിയ സർവേ റിപ്പോർട്ടുകളെ വിജയരാഘവൻ തള്ളിക്കള‌ഞ്ഞു. സി.ദിവാകരൻ തിരുവനന്തപുരത്ത് വിജയിക്കുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷ. നഗരങ്ങളിൽ കേന്ദ്രീകരിച്ചാണ് സർവേക്കാർ സാമ്പിൾ ശേഖരിച്ചത്. തിരുവനന്തപുരം മണ്ഡലത്തിന്റെ ഗ്രാമീണ മേഖലകളിൽ നിന്ന് കൂടി സാമ്പിളുകൾ ശേഖരിച്ചാൽ സർവേ ഫലം മറിച്ചാകും. മുമ്പ് ഒ. രാജഗോപാലിന് നഗരങ്ങളിൽ നേട്ടം ഉണ്ടായിട്ടും ബി.ജെ.പി തോറ്രിരുന്നു. ഏതായാലും രാജഗോപാലിനുള്ള ജനപ്രീതി കുമ്മനം രാജശേഖരനില്ലല്ലോ. സർവ ഫലവും യഥാർത്ഥ ഫലവും തമ്മിൽ വ്യത്യാസമുണ്ടാകും. നേരിയ വ്യത്യാസം മാത്രമുള്ള സ്ഥലങ്ങളിൽ തങ്ങളുടെ സംഘടനാ കരുത്തിന്റെ ഫലമായി എൽ.ഡി.എഫ് വിജയിക്കും. അത്രയ്ക്കും മെച്ചപ്പെട്ട പ്രവർത്തനമാണ് തങ്ങൾ നടത്തുന്നത്. പാലക്കാട് ബി.ജെ.പിക്ക് വോട്ട് കൂടുതൽ കിട്ടുമെന്ന് പറഞ്ഞത് പാലക്കാട്ടും ചുറ്റുവട്ടത്തും മാത്രം സർവേ നടത്തിയതുകൊണ്ടാണ്. മണ്ണാർക്കാടും അട്ടപ്പാടിയിലുമൊക്കെ പോയി സർവേ നടത്തിയാൽ ഇങ്ങനെയായിരിക്കില്ല ഫലം വരിക. നേരത്തെ പാലക്കാട്ട് നഗരത്തിലും മലമ്പുഴയിലും നിയമസഭയിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നതാണെന്നും വിജയരാഘവൻ പറഞ്ഞു.

ന്യൂനപക്ഷ കേന്ദ്രീകരണമില്ല

യു.ഡി.എഫിനനുകൂലമായി ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ബാബറി മസ്ജിദ് തകർത്തതിന് ശേഷം മുസ്ലിങ്ങളിൽ നല്ലൊരുവിഭാഗം യു.ഡി.എഫ് വിട്ട് എൽ.‌ഡി.എഫിനെ അനുകൂലിക്കുന്നുണ്ട്. അതിലിപ്പോഴും മാറ്രമില്ല. അവർ മുസ്ലിംലീഗിനോടുള്ള വിരോധം കൊണ്ടല്ല യു.ഡി.എഫ് വിട്ടത്. കോൺഗ്രസിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് . അവരിപ്പോഴും കോൺഗ്രസിന്റെ നയങ്ങൾക്കെതിരാണ്. കാസർകോട്, കണ്ണൂർ, വടകര, പൊന്നാനി മണ്ഡലങ്ങൾ യു.ഡി.എഫ് ജയിക്കുമെന്ന പറയുന്നതിൽ ഒരു കാര്യവുമില്ലെന്നും വിജയരാഘവൻ പറഞ്ഞു.

വൈകാരികമായി പ്രതികരിക്കില്ല

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണ്. അവർ രാഷ്ട്രീയമായാണ് തീരുമാനമെടുക്കുക. വൈകാരികമായി കേരളീയർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കില്ലന്നും വിജയരാഘവൻ പറഞ്ഞു.