തിരുവനന്തപുരം: ജോലി സ്ഥലത്ത് സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റൂറൽ എസ്.പി ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. ക്ലർക്ക് ആര്യനാട് കാരനാട് വിപിനാലയത്തിൽ അമിതാഭാണ് (26) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വൈശാഖിനെയാണ് കഴിഞ്ഞ മാർച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. റൂറൽ എസ്.പി ബി.അശോകിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈശാഖിന്റെ ഭാര്യയുമായി അമിതാഭ് നേരത്തെ പരിചയത്തിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം തുടർന്നു. ഇതിനിടെ യുവതിയുടെ 13 പവൻ സ്വർണം കാണാതായി. വീട്ടുകാർ ചോദ്യം ചെയ്പ്പോൾ സ്വർണം അമിതാഭിന് നൽകിയെന്ന് യുവതി സമ്മതിച്ചു.
ഇതിനുശേഷം അമിതാഭ് നിരന്തരമായി വൈശാഖിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിൽ മനംനൊന്ത് വൈശാഖ് ആത്മഹത്യ ചെയ്തെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്പ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാൻ കാരണമായത്.