ചിറയിൻകീഴ്: വില്ലേജ് ഓഫീസ് മന്ദിരം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം മാത്രം ആരംഭിച്ചില്ല. ചിറയിൻകീഴ് വില്ലേജ് ഓഫീസാണ് പ്രവർത്തനമാരംഭിക്കാതെ വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ചിറയിൻകീഴ് ആൽത്തറമൂട് തിട്ടയിൽ മുക്ക് വൈ.എം.എ ജിംനേഷ്യത്തിന് സമീപമാണ് ഏകദേശം പത്ത് സെന്റിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. വലിയ ഹാളും വരാന്തയും രണ്ടു മുറികളും അടങ്ങുന്നതാണ് മന്ദിരം. ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രവും സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട സങ്കേതവുമായിരുന്നു മുൻകാലങ്ങളിലിവിടം. മാസങ്ങൾക്ക് മുൻപ് മന്ദിരത്തിന്റെ മെയിറ്റനൻസ് വർക്ക് നടത്തി, ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പക്ഷെ എന്നു പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം മാത്രം ആർക്കും പിടിയില്ല. ജംഗ്ഷനിൽ നിന്ന് വളരെമാറി ദീർഘവീക്ഷണമില്ലാത്ത രീതിയിലാണ് മന്ദിരം നിർമിച്ചതെന്നുളള പരാതി നിലനിൽക്കുകയാണ്. ഇതിനുപുറമേ റീ സർവേ നടന്നപ്പോൾ വസ്തുവിന്റെ സർവേ നമ്പരുകളും അനുബന്ധ രേഖകളും ശാർക്കര, ചിറയിൻകീഴ് എന്നിങ്ങനെ തരം തിരിച്ച് രണ്ടു വില്ലേജായി രേഖപ്പെടുത്താതെ രണ്ടും ഒറ്റ ബ്ലോക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കാരണം പ്രത്യേകം പ്രത്യേകം ബ്ലോക്കുകളായി തരം തിരിച്ച് റിക്കാർഡുകൾ മാറ്റാതെ പുതിയ വില്ലേജാഫീസ് പ്രവർത്തനം ആരംഭിക്കുവാനും കഴിയാത്ത അവസ്ഥയാണ്.
ചിറയിൻകീഴ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനംകൂടി ശാർക്കര വില്ലേജിലാണ് നടന്നുവരുന്നത്. ഒരു വില്ലേജിന്റെ പ്രവർത്തനം തന്നെ സുഗമമായി കൊണ്ടുപോകുവാൻ ബുദ്ധിമുട്ട് ഉള്ളപ്പോൾ രണ്ട് വില്ലേജിന്റെ പ്രവർത്തനം ഒരിടത്ത് ആയതോടെ ശാർക്കര വില്ലേജും ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ്. ഇതുകാരണം വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് കാലതാമസം നേരിടുന്നു. ക്രീമിലെയർ സർട്ടിഫിക്കറ്റ്, മറ്റ് വിവിധയിനം സർട്ടിഫിക്കറ്റുകൾ, വസ്തു സംബന്ധമായ ഇടപാടുകൾ എന്നിവയ്ക്ക് വേണ്ടി നാട്ടുകാർക്ക് പല തവണ ഈ ഓഫീസിൽ കയറിയിറങ്ങേണ്ടി വരുന്നു. ഇതിനു പുറമേ ശാർക്കര വില്ലേജിൽ മറ്റൊരു വില്ലേജിന്റെ കൂടെ ഫയലുകളും രജിസ്റ്ററുകളും കൂടി ആയപ്പോൾ സ്ഥല പരിമിതി മൂലം ഇതൊക്കെ സൂക്ഷിക്കാൻ സ്ഥമില്ലാത്ത അവസ്ഥയിലുമാണ്.

ചിറയിൻകീഴ് വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് - ശാർക്കര വില്ലേജിൽ

കെട്ടിടം നിർമ്മിച്ചിരിക്കുന്നത് - ജംഗ്ഷനിൽ നിന്ന് മാറി

ഇടപാടുകൾക്ക് കാലതാമസം നേരിട്ട് ഉപഭോക്താക്കൾ

ചിറയിൻകീഴ് വില്ലേജ് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയോ അല്ലാത്ത പക്ഷം ആ വാർഡിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന അംഗൻവാടി ഈ മന്ദിരത്തിലോട്ട് മാറ്റുന്നതിന് അനുമതി നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

ഡീന, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്