chcktda

കാട്ടാക്കട: ആവശ്യമായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് താലൂക്ക് ആസ്ഥാനത്തെ ഗവ. ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. കാട്ടാക്കട ഗവ. ആശുപത്രിയുടെ പേര് സി.എച്ച്.സി എന്നാണെങ്കിലും പ്രവർത്തനം സബ്സെന്റർ പോലെയാണെന്ന് ആക്ഷേപമുണ്ട്. വേണ്ടത്ര സൗകര്യം ഒരുക്കാൻ പോലും തയാറാകാതെ അധികൃതർ ആശുപത്രിയെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. നാനൂറോളം പേർ ഒ.പിയിലെത്തുന്ന ഇവിടെ ജീവനക്കാരുടെ അഭാവം രോഗികളെയും കൂട്ടിനെത്തുന്നവരെയും വലയ്ക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ കുറവും ഒ.പി സമയങ്ങളിൽ ചീട്ടെഴുതുന്നതിനും ഫാർമസിയിലുള്ള ജീവനക്കാരുടെ കുറവുമാണ് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാവിലത്തെ ഒ.പിയിൽ മെഡിക്കൽ ഓഫീസറെ കൂടാതെ രണ്ട് എൻ.ആർ.എച്ച്.എം ഡോക്ടർമാരുടെ സേവനം ഉണ്ടെങ്കിലും ഉച്ചയ്ക്ക് ശേഷവും രാത്രിയിലും പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാറില്ല. ഉള്ളവർ രാവിലെ മുതൽ ഉച്ചവരെ ഒ.പി യിലും ഇതിനോടൊപ്പം തന്നെ വാർഡിലെ രോഗികളെ പരിശോധിക്കുകയും ചെയ്യും. ഇതിനിടയിൽ ഒ.പിയിൽ ക്യൂ നിൽക്കുന്ന രോഗികൾ തളർന്നുവീണാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായും കൂട്ടിരിപ്പുകാർ പറയുന്നു. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കാട്ടാക്കട ആശുപത്രിക്ക് ആവശ്യമായ സൗകര്യം ഒരുക്കി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.