പാഞ്ചാലി തിരിഞ്ഞു നോക്കി.
വിവേക്!
സുധേടത്തിയുടെ കൊച്ചു മകൻ.
താൻ പഠിക്കുന്ന സ്കൂളിൽ പ്ളസ് ടൂവിനു പഠിക്കുകയായിരുന്നു. അവൻ ഇപ്പോൾ റിസൾട്ട് പ്രതീക്ഷിച്ച് ഇരിക്കുകയാണ്.
സുന്ദരനായിരുന്നു വിവേക്.
മൂക്കിനു താഴെ പുല്ലാരി മീശ. ഫ്രീക്കു ചെയ്ത മുടി.
എന്തോ... പാഞ്ചാലിക്ക് വിവേകിനോടൊരു പ്രത്യേക താൽപ്പര്യം ഉണ്ടായിരുന്നു. ഒരുപക്ഷേ സുധേടത്തിയുടെ ചെറുമകൻ ആയതുകൊണ്ടാവാം.
അതല്ലെങ്കിൽ അവൻ നല്ല ഗായകനും അഭിനേതാവും പഠിത്തത്തിൽ സമർത്ഥനും ആയതുകൊണ്ടാവാം.
അവൾക്കരുകിൽ സൈക്കിൾ ബ്രേക്കു പിടിച്ച് ഇടംകാൽ തറയിൽ കുത്തി വിവേക് നിന്നു.
''താനെങ്ങോട്ടാ?" അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി.
''എന്നെ കാണാനോ മറ്റോ വന്നതാണോ?"
''അയ്യട. കാണാൻ പറ്റിയ ഒരു സാധനം." അവൾ ചിരിച്ചു.
അപ്പോൾ ആ കവിളുകളിൽ രണ്ട് നുണക്കുഴികൾ വിരിഞ്ഞു.
''ഞാനേ... സുധേടത്തിയെ കാണാൻ വന്നതാ."
''അമ്മമ്മ വീട്ടിലുണ്ട്. ഇന്നെന്താ കോവിലകത്തേക്കു വരാഞ്ഞത്? എന്തെങ്കിലും വിഷയമുണ്ടോ?"
''അങ്ങനെയും പറയാം."
പാഞ്ചാലി മന്ത്രിച്ചു.
''എന്തായാലും താൻ വാ."
വിവേക് സൈക്കിളിൽ നിന്നിറങ്ങി. അത് ഉരുട്ടിക്കൊണ്ട് അവൾക്കൊപ്പം നടന്നു.
സുധാമണിയുടെ വീട്.
ചെങ്കല്ലു കെട്ടിയതും ഓടുപാകിയതുമാണ് അത്. രണ്ട് മുറികളും അടുക്കളയും കൊച്ചു വരാന്തയും.
മുറ്റത്തേക്കു കയറിയതേ വിവേക് വിളിച്ചു:
അമ്മമ്മേ, വിരുന്നുകാരിയുണ്ടേ...
അടുക്കളയിൽ എന്തോ പാകം ചെയ്യുകയായിരുന്നു സുധാമണി.
ഉടുമുണ്ടിൽ കൈ തുടച്ചുകൊണ്ട് അവർ തിണ്ണയിലേക്കു വന്നു. തൊട്ടുപിന്നാലെ രേവതിയും.
സുധാമണിയുടെ മകൾ. വിവേകിന്റെ അമ്മ.
മുറ്റത്ത് പാഞ്ചാലിയെ കണ്ട് ഇരുവരും ആശ്ചര്യപ്പെട്ടു.
''അല്ലാ പാഞ്ചാലി മോളോ?"
സുധാമണി ഇറങ്ങി വന്ന് അവളുടെ കരം കവർന്നു. പിന്നെ തിണ്ണയിലേക്കു കയറ്റി ഒരു കസേരയിൽ ഇരുത്തി.
പാഞ്ചാലി അകത്തേക്ക് ഒന്നു പാളി നോക്കി.
ഇല്ലായ്‌മയുടെ ദൃശ്യരൂപം!
സുധാമണിയുടെ ഭർത്താവ് ഹാർട്ട് അറ്റാക്കുവന്നാണ് മരിച്ചത്. വല്ലവിധേനയും അവർ രേവതിയെ വിവാഹം ചെയ്ത് അയച്ചെങ്കിലും അത് മറ്റൊരു ദുരന്തമായി.
വിവേക് ജനിച്ച് രണ്ടുവർഷം കഴിഞ്ഞപ്പോൾ അയാൾ രേവതിയെ ഉപേക്ഷിച്ചുപോയി. സുധാമണിയുടെ കിടപ്പാടം പോലും പണയത്തിലായിരുന്നു അപ്പോൾ.
അവസാനം പാഞ്ചാലിയുടെ പപ്പ രാമഭദ്രനാണ് പത്തുസെന്റ് വസ്തുവും അതിൽ ഈ വീടും വച്ചു നൽകിയത്.
രേവതി അടുത്തൊരു കടയിൽ തയ്യൽ ജോലിക്കായി പോകുന്നുണ്ട്. സുധാമണിക്ക് കോവിലകത്തുനിന്ന് കിട്ടുന്ന ശമ്പളമായിരുന്നു ആ കുടുംബത്തിന് പ്രധാനം.
''മോളിങ്ങോട്ടു പോന്നത് കൊച്ചമ്മ അറിഞ്ഞില്ലേ? " സുധാമണി തിരക്കി.
''ഇല്ല. മമ്മി എവിടേക്കോ പോയി. ആ സമയം നോക്കിയാ ഞാനും പോന്നത്."
''മോള് രാവിലെ എന്തുകഴിച്ചു?"
ആ ചോദ്യത്തിനു മുന്നിൽ പാഞ്ചാലി ഒന്നു പതറി.
''എനിക്കറിയാം. ഒന്നും കഴിച്ചുകാണത്തില്ല..."
''ഞാൻ ... ചായയുണ്ടാക്കി."
പാഞ്ചാലിയുടെ ഒച്ചയടച്ചു.
എങ്കിൽ അകത്തോട്ടു വാ. കപ്പ പുഴുങ്ങിയതും ഉണക്കമീൻ വറുത്തതും കാന്താരി ഉടച്ചതുമുണ്ട്. മോള് ഇവിടെ നിന്ന് കഴിക്കുമെങ്കിൽ...." രേവതി ക്ഷണിച്ചു.
''കഴിക്കുന്നതിന് എനിക്ക് വിരോധമില്ല. പക്ഷേ അതിനു മുൻപ് സുധേടത്തി എന്നോട് പറയണം. കലമമ്മി എന്റെ ശരിക്കുള്ള മമ്മിയാണോന്ന്."
വിളർച്ചയോടെ സുധാമണിയും രേവതിയും പരസ്പരം നോക്കി.
ഒന്നും മനസ്സിലാകാതെ വിവേക് വരാന്തയിലെ തൂണിൽ ചാരിയിരുന്നു.
''മോള് ഇങ്ങനൊക്കെ ചോദിച്ച് ചേടത്തിയെ ബുദ്ധിമുട്ടിക്കല്ലേ.." യാചനാപൂർണമായിരുന്നു സുധാമണിയുടെ ശബ്ദം.
നിഷേധ ഭാവത്തിൽ പാഞ്ചാലി തല കുലുക്കി.
''എനിക്കറിയണം സുധേടത്തി. അറിയാതെ ഞാൻ ഇവിടുന്ന് പോകില്ല."
ഉറച്ചതായിരുന്നു അവളുടെ ശബ്ദം.
സുധാമണി ധർമ്മസങ്കടത്തിലായി. പാഞ്ചാലി ഇവിടെ വന്നെന്ന് ചന്ദ്രകല കൊച്ചമ്മയറിഞ്ഞാൽ...
രണ്ടും കൽപ്പിച്ച് അവർ പറഞ്ഞു:
''അല്ല.. മോടെ മമ്മിയല്ല ചന്ദ്രകല കൊച്ചമ്മ...."
നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാൽ പാഞ്ചാലിക്ക് ഞെട്ടൽ തോന്നിയില്ല.
''പറ ചേടത്തീ... വിശദമായിട്ട് ..."
സുധാമണിയുടെ മുഖത്തേക്കു കണ്ണുനട്ട് പാഞ്ചാലി ഒന്ന് ഇളകിയിരുന്നു.
ജിജ്ഞാസയോടെ കാതു കൂർപ്പിച്ചിരിക്കുകയാണ് വിവേകും.
സുധാമണി പറഞ്ഞുതുടങ്ങി.
''മോടെ മമ്മിയുടെ പേര് വസുന്ധര.. മോൾക്ക് ഒരു ഏട്ടൻകൂടി ഉണ്ടായിരുന്നു. രാജകുമാരനെപ്പോലെ തോന്നിക്കുന്ന ഒരു രണ്ടുവയസുകാരൻ ഷിനോദ്.
മോൾടെ പപ്പയ്ക്കും മമ്മിക്കും നിങ്ങളെ രണ്ടുപേരെയും ജീവനായിരുന്നു. വളരെ സന്തോഷകരമായ ജീവിതം... അങ്ങനെയിരിക്കെ ഒരു ദിവസമാണ് ചന്ദ്രകല കൊച്ചമ്മ കോവിലകത്ത് വന്നത്. അതോടെ എല്ലാം തകിടം മറിഞ്ഞു. പാഞ്ചാലിക്ക് ശ്വാസം വിലങ്ങി.
(തുടരും)