നെഞ്ചിൽ ഒന്നു തടവിക്കൊണ്ട് പാഞ്ചാലി, സുധാമണിയെ നോക്കി.
സുധാമണി തുടർന്നു:
''എന്തു കാര്യമാണ് ചന്ദ്രകല കൊച്ചമ്മ, മോടെ പപ്പയോടും മമ്മിയോടും പറഞ്ഞതെന്ന് അറിയില്ല. കുറച്ചുകഴിഞ്ഞ് കൊടുങ്കാറ്റുപോലെ ചന്ദ്രകല മടങ്ങുകയും ചെയ്തു.
അതിനുശേഷം അടച്ചിട്ട മുറിക്കുള്ളിൽ വളരെ നേരത്തോളം മോടെ പപ്പയും മമ്മിയും തമ്മിൽ ഭയങ്കര വഴക്കായിരുന്നു.
മോള് അപ്പോൾ എന്റെ കയ്യിലായിരുന്നു. ഷിനോദ് മോൻ ഒന്നും മനസ്സിലാകാതെ നടുമുറ്റത്ത് കളിക്കുകയും.."
ആ രംഗം ഓർക്കുന്നതു പോലെ സുധാമണി ഒന്നു നിർത്തി. എല്ലാവരുടെയും ശ്രദ്ധ അവരിലായിരുന്നു.
നെല്ലിയില വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത. സുധാമണിയുടെ ശബ്ദം ആ
നിശ്ശബ്ദതയെ മുറിച്ചു:
''കുറച്ചു കഴിഞ്ഞ് എല്ലാം ശാന്തമായി. അന്നു വൈകിട്ട് ... ഷിനോദ് മോനെയും വിളിച്ചുകൊണ്ട് ആരെയോ കാണാൻ പോയതാണ് വസുന്ധര കൊച്ചമ്മ.. പിന്നെ തിരിച്ചുവന്നില്ല."
''അവർക്ക് എന്തുപറ്റി?"
പാഞ്ചാലി ഉദ്വേഗത്തോടു തിരക്കി.
''പറ്റിയത് എന്താണെന്ന് അറിയില്ല. പക്ഷേ മൂന്നാം നാൾ ആഢ്യൻപാറയിലെ ഒരു വലിയ കുഴിയിൽ രണ്ടുപേരുടെയും ശവം കാണപ്പെട്ടു..."
''ഹോ..." ബാക്കി കേൾക്കാനുള്ള കരുത്തില്ലാതെ പാഞ്ചാലി കാതുകൾ രണ്ടും പൊത്തിപ്പിടിച്ചു.
തന്റെ മമ്മി... ഏട്ടൻ...!
''അന്ന് എനിക്ക് എത്ര പ്രായം കാണും ചേടത്തീ?"
തെല്ലുനേരം കഴിഞ്ഞ് അവൾ തിരക്കി.
''നാലോ അഞ്ചോ മാസം...
പിന്നെ കുറച്ചുനാൾ മോളെ നോക്കിയത് ഞാനാണ്.
സുധാമണിയുടെ കണ്ണുകൾ നിറഞ്ഞു.
''വസുന്ധര കൊച്ചമ്മ മരിച്ച് മൂന്നുമാസം കഴിഞ്ഞുകാണും. ഒരു പെട്ടിയുമായി കലക്കൊച്ചമ്മ വന്നു. അവിടുത്തെ വീട്ടുകാരിയായി..."
''പപ്പ എതിർത്തില്ലേ?"
പാഞ്ചാലിക്ക് സംശയം.
''ഇല്ല... അദ്ദേഹത്തിനും അവരെ ഭയമായിരുന്നു എന്നു തോന്നി.
സുധാമണി ദീർഘമായി ഒന്നു നിശ്വസിച്ചു. പിന്നെ പെട്ടെന്ന് ഓർത്തതു പോലെ അറിയിച്ചു.
''മോടെ പപ്പയുടെ ബന്ധുക്കൾക്കൊന്നും ഈ ബന്ധം ഇഷ്ടമായിരുന്നില്ല. എന്നാൽ കല കൊച്ചമ്മ അവരെയെല്ലാം പപ്പയെക്കൊണ്ട് വെറുപ്പിച്ച് അകലെ മാറ്റി."
വിവേക് ദയാവായ്‌പോടെ പാഞ്ചാലിയെ നോക്കി. അവൾ ഒരു പ്രതിമയാണെന്ന് അവനു തോന്നി....
അപ്പോൾ ചുങ്കത്തറയിലെ ലോഡ്ജിൽ ഉണ്ടായിരുന്നു പ്രജീഷും ചന്ദ്രകലയും.
സീരിയൽ നടി സൂസനെ കോവിലകത്ത് താമസിപ്പിക്കുകയും തുടർന്ന് എന്തൊക്കെ വേണമെന്നും പ്രജീഷ്
അവളെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.
''ഈ സൂസൻ ആളെങ്ങനാ. അവളെ വിശ്വസിക്കാമോ.... അതോ അവസാനം അവള് നമ്മൾക്കു പാരയാകുമോ?"
ചന്ദ്രകലയ്ക്കു സംശയം.
അങ്ങനെ ഉണ്ടാവില്ല. എം.എൽ.എ കിടാവ് സാറ് അക്കാര്യത്തിൽ ഉറപ്പ് തന്നിട്ടുണ്ട്. ഇനി അഥവാ അവൾ നമുക്കെതിരെ തിരിഞ്ഞാൽ ആഢ്യൻപാറയിൽ അവൾക്ക് സമാധി."
പ്രജീഷ് അടുത്തുവന്ന് ചന്ദ്രകലയെ ഒന്നു ചേർത്തു പുൽകി.
അവൾ തരളിതയായി....
******************
സുധാമണിയുടെ വീട്.
പാഞ്ചാലിക്കു പിന്നെയും സംശയം ബാക്കിയായിരുന്നു.
''ഈ പ്രജീഷ് എന്നു പറയുന്ന ആൾ ശരിക്കും മമ്മിയുടെ ആരാണ്?"
സുധാമണി തലകുടഞ്ഞു.
അക്കാര്യത്തെപ്പറ്റി എനിക്ക് യാതൊന്നും അറിയത്തില്ല കുഞ്ഞേ.
രാമഭദ്രൻ സാറിന്റെ മരണശേഷമാ ഞാനും അയാളെ കാണാൻ തുടങ്ങിയത്: അയാൾ ആരാണെന്ന് കേവലം ജോലിക്കാരിയായ എനിക്ക് തിരക്കാൻ പറ്റുമോ?"
എല്ലാം കേട്ടിരുന്ന വിവേക് പറഞ്ഞു:
''അവനെ പിടിച്ച് നല്ല നാലെണ്ണം പൂശിയാൽ തത്ത പറയുന്നതു പോലെ എല്ലാം പറയും."
''പോട ചെറുക്കാ അവിടുന്ന്."
രേവതി, മകനെ ശാസിച്ചു.
വിവേക് വിഷയം മാറ്റി.
''പാഞ്ചാലി ഇനി വല്ലതും കഴിക്ക്. കലക്കൊച്ചമ്മ വരുന്നതിനു മുൻപ് തറവാട്ടിൽ തിരിച്ചു ചെല്ലണ്ടേ?"
പാഞ്ചാലിക്കും ആ ഒരു ബോധം അപ്പോഴാണ് ഉണ്ടായത്.
''വാ മോളേ..."
സുധാമണി അവളെ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.
അവിടെ കിടന്നിരുന്ന പഴയ ബഞ്ചിൽ ഇരുത്തി. അവൾക്കു മുന്നിൽ കപ്പ പുഴുങ്ങിയതും ഉണക്കമീൻ വറുത്തതും. ''ഇച്ചിരി കട്ടൻകാപ്പി കൂടി തിളപ്പിക്കട്ടേ മോളേ?"
''ഉം." പാഞ്ചാലി തലയാട്ടി.
രേവതിയും വിവേകും കൂടി അകത്തു വന്ന് അവൾ കഴിക്കുന്നത് കാണുവാൻ നിന്നു.
പുറത്ത് ഒരു വാഹനം വന്നുനിന്നത് ആരും അറിഞ്ഞില്ല...
പാഞ്ചാലി ഒരു പീസ് കപ്പയെടുത്തു നടുവെ പിളർന്നു. അത് കാന്താരി ചമ്മന്തിയിൽ മുക്കി.
ഉണക്കമീനിന്റെ മണമടിച്ചപ്പോൾ അവൾക്കു നാവിൽ വെള്ളമൂറുന്നുണ്ടായിരുന്നു.
പാഞ്ചാലി കപ്പ വായിലേക്കു വയ്ക്കാൻ ഭാവിച്ചതും വാതിൽക്കൽ നിന്ന് ഇടിമുഴക്കം പോലെ ഒരു സ്ത്രീ സ്വരം!
''എടീ.. പാഞ്ചാലീ..."
പാഞ്ചാലി നടുങ്ങി. കൈവിറച്ചു. കപ്പക്കപ്പണം പിടിവിട്ട് പാത്രത്തിൽ വീണു.... സകലരും തിരിഞ്ഞുനോക്കി. സംഹാരരുദ്രയെപ്പോലെ ചന്ദ്രകല!
(തുടരും)