sampath

തിരുവനന്തപുരം:' നാട്യങ്ങളില്ലാത്ത നാട്ടുകാരൻ, നാടിന്റെ സമ്പത്ത്, മതനിരപേക്ഷതയുടെ സമ്പത്ത്... നിങ്ങളുടെ അനുഗ്രഹം തേടി ഈ വാഹനത്തിന് പിന്നാലെ കടന്നുവരുന്നു '. അരിവാൾ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടി പറപ്പിച്ച അനൗൺസ്‌മെന്റ് വാഹനം റോഡിന്റെ അങ്ങേത്തലയ്ക്കൽ കണ്ടപ്പോൾ തോപ്പ്നട ജംഗ്ഷനിലെ കടത്തിണ്ണയിൽ നിന്ന വീട്ടമ്മ ആവേശത്തോടെ റോഡിലേക്കിറങ്ങി.സ്ഥാനാർത്ഥിയെ അണിയിക്കാൻ കരുതിയ രക്തഹാരം കൈയിൽ തന്നെയുണ്ടെന്ന് ഒന്നുകൂടി ഉറപ്പാക്കി. സ്വീകരണ പരിപാടിയുടെ ചുക്കാൻ പിടിക്കുന്ന അഡ്വ. നിസാം ചുറ്റുമൊന്ന് കണ്ണോടിച്ച് എല്ലാം ഭദ്രമെന്ന് ഉറപ്പുവരുത്തി.

നാടിളക്കിവരുംപോലെയാണ് സ്ഥാനാർത്ഥിയുടെയും സംഘത്തിന്റെയും വരവ്. മുന്നിൽ റീന എന്ന നാടക കലാകാരിയുടെ ഏകാംഗ നാടക അവതരണത്തിനുള്ള സഞ്ചരിക്കുന്ന വേദി, തുടർന്ന് വാഹനത്തിൽ വാദ്യസംഘം. പിന്നിൽ പ്രാസഭംഗിയൊപ്പിച്ചുള്ള അനൗൺസ്‌മെന്റ്, നേട്ടങ്ങളുടെ ചെറുവിവരണം, തൊട്ടുപിന്നാലെ ഇരുചക്രവാഹനങ്ങളിൽ നക്ഷത്രാങ്കിത പതാകയുമായി ഡി.വൈ.എഫ്.ഐയുടെ ചുണക്കുട്ടികൾ, അതിനും പിറകിലായി തുറന്ന വാഹനത്തിൽ വിടർന്ന ചിരിയുമായി സ്ഥാനാർത്ഥി ഡോ. എ. സമ്പത്തും.

മേനംകുളം മേഖലയിലെ തോപ്പ്നടയിൽ 10.35 ന് എത്തേണ്ട പര്യടനം എത്തിയത് ഒരുമണിക്കൂറിലേറെ വൈകി. സ്ഥാനാർത്ഥിയുടെ വാഹനം വന്നു നിന്നപ്പോൾ ഹാരമണിയിക്കാനുള്ള തിക്കും തിരക്കും. സംഘാടകർ കരുതിയ സ്നേഹോപഹാരം കണ്ടപ്പോൾ സമ്പത്തിന്റെ കണ്ണുതള്ളി. ലക്ഷണമൊത്ത ഒരു നാടൻവാഴക്കുല. ക്ഷീണിതനെങ്കിലും ഒരു വിധത്തിൽ സ്ഥാനാർത്ഥി ഉപഹാരം ഏറ്റുവാങ്ങി. പിന്നെ മൈക്കുകൈയിലെടുത്തു.'ഇന്ന് ചൂട് മൂന്ന് ഡിഗ്രി കൂടുതലാണ്. സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വെയിലിൽ നിന്ന് നിങ്ങൾ മാറി നിൽക്കണം. 23-ാം തീയതി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തുകയെന്നതാണ് പ്രധാന ജോലി. ബന്ധുക്കളോടും സുഹൃത്തുക്കളോടും എനിക്ക് വോട്ട് നൽകാൻ പറയണം. എന്നെ വിജയിപ്പിച്ച് പാർലമെന്റിലേക്ക് വീണ്ടും അയയ്ക്കണം'.പ്രവർത്തകർ ആവേശത്തോടെ പ്രസംഗം കൈയടിച്ച് പാസാക്കി.

പള്ളിനടയും പിന്നിട്ട് പടിഞ്ഞാറ്റുമുക്കിലെത്തിയപ്പോൾ സ്ത്രീകളുടെ വൻകൂട്ടം. പലരും കുട്ടികളെയും ഒക്കത്തെടുത്താണ് സ്ഥാനാർത്ഥിയെ ഹാരമണിയിച്ചത്. സഖാക്കൾ അണിയിച്ച ഹാരങ്ങൾ കുട്ടികളുടെ കഴുത്തിൽ സമ്പത്ത് തിരികെ അണിയിച്ചപ്പോൾ രക്ഷാകർത്താക്കളുടെ മുഖത്ത് അഭിമാനത്തിന്റെ പുഞ്ചിരി. ആൾക്കൂട്ടത്തിന്റെ ബാഹുല്യത്തിന് ആനുപാതികമായി പ്രസംഗത്തിലെ പ്രതിപാദന വിഷയങ്ങളിൽ നേരിയ മാറ്റലും മറിക്കലും.' ഞാൻ രാഷ്ട്രീയം പഠിച്ചത് കോളേജിൽ നിന്നാണ് , മാർക്കറ്റിൽ നിന്നാണ്, കയർ തൊഴിലാളികളിൽ നിന്നാണ്, മത്സ്യമാർക്കറ്റിൽ നിന്നാണ്..... സർവതല സ്പർശിയാണ് പ്രസംഗം. ചിറ്റാറ്റുമുക്കിലും മേനംകുളത്തുമെല്ലാം എത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ വലിപ്പം കൂടി. വിഷുവിന്റെ ആഗമനം വിളിച്ചോതുന്നതായിരുന്നു വിളയിൽകുളം ജംഗ്ഷനിലെ സ്വീകരണം. കൈക്കുടന്ന നിറയെ കൊന്നപ്പൂക്കളുമായാണ് വനിതകൾ അടക്കമുള്ള പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്. ഭക്ഷണത്തിനും വിശ്രമത്തിനുമായി 11 മണിയോടെ രാവിലത്തെ പര്യടനം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അവസാന സ്വീകരണം കഴിഞ്ഞപ്പോൾ മണി ഒന്നുകഴിഞ്ഞു. ലോക് സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം വിവിധ ഘട്ടങ്ങളിലായി 1628 സ്വീകരണങ്ങളാണ് ഇന്നലെ ഉച്ചയോടെ സമ്പത്ത് പൂർത്തിയാക്കിയത്. വിളയിൽകുളത്തിന് സമീപത്തുള്ള ഒരു പ്രവർത്തകന്റെ വീട്ടിലാണ് ഉച്ചഭക്ഷണം സജ്ജമാക്കിയത്. തുറന്ന വാഹനത്തിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥി വേഗത്തിൽ ഒരു കുളി പാസാക്കി, വസ്ത്രങ്ങളും മാറി എത്തിയപ്പോൾ മുഖത്തെ ക്ഷീണത്തിന് തെല്ല് ഇളവ്.'എങ്ങനെയാണ് നിങ്ങളുടെ വിലയിരുത്തൽ ?' സ്ഥാനാർത്ഥിയുടെ ചോദ്യം. നല്ല പ്രചാരണമെന്ന് മറുപടി നൽകിയപ്പോൾ കണ്ണുകളിൽ തിളക്കം.