ഒരു വാഴപ്പഴത്തിന്റെ വില 375 രൂപ! ഇതെന്താ, സ്വർണംകൊണ്ടുണ്ടാക്കിയ വാഴപ്പഴമോ എന്ന് ചോദിക്കാൻ വരട്ടെ. ഇതിന്റെ ചരിത്രമറിഞ്ഞാൽ എത്ര വിലകൊടുത്തും വാങ്ങിപ്പോകും. ജപ്പാനിലാണ് സംഗതി. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന വാഴപ്പഴത്തിന്റെ പുന:സൃഷ്ടിയാണ് ഈ വമ്പൻ വിലക്കാരൻ. ഒട്ടേറെ ഗവേഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് ഈ സവിശേഷ വാഴപ്പഴത്തെ പുന:സൃഷ്ടിച്ചത്. മോൺഗേ എന്നാണിതിന്റെ പേര്. തണുത്തുറഞ്ഞ അന്തരീക്ഷത്തിലായിരുന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് കണ്ടിരുന്നത്. അതേ അന്തരീക്ഷം ഒരുക്കിയാണ് വീണ്ടും ഈ വാഴപ്പഴം സൃഷ്ടിച്ചെടുത്തത്. വാഴ മൈനസ് 60 ഡിഗ്രിയിൽ തണുപ്പിച്ചതിന് ശേഷം നട്ടു പിടിപ്പിക്കുകയായിരുന്നു. ജീവകം ബി 6, ട്രിപ്പ്റ്റോഫാൻ, മഗ്നീഷ്യം എന്നിവയൊക്കെ ഈ വാഴപ്പഴത്തിലുണ്ട്.
ജപ്പാനിലെ ഡി ആൻഡ് ടി ഫാം എന്ന കമ്പനിയാണ് ഈ പഴമുണ്ടാക്കിയത്. സവിശേഷ ഇനമാണെന്ന് കരുതി ഒരുമിച്ച് കിലോക്കണക്കിന് വാങ്ങാമെന്നൊന്നും കരുതണ്ട. ആഴ്ചയിൽ 10 എണ്ണം മാത്രമേ ഇവ വിൽപ്പനയ്ക്ക് എത്തിക്കൂ.