തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരായ കളക്ടറുടെ നടപടിയിന്മേൽ അപ്പീൽ പരിശോധിക്കേണ്ട മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആദ്യമേ അത് തെറ്റാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇലക്ഷൻ കമ്മിഷന്റെ ഇത്തരം നടപടികൾ ന്യായീകരിക്കാനാവില്ല. ബാബറി മസ്ജിദിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാമെങ്കിൽ ശബരിമലയിലെ അടിച്ചമർത്തലുകളെക്കുറിച്ച് ബി.ജെ.പിക്കും പറയാം.
ശബരിമലയല്ലാതെ മറ്റ് വിഷയങ്ങൾ പറയാനില്ലേയെന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ പരാമർശം സി.പി.എമ്മിന്റെ നിലപാടാണ്. ശബരിമലയിൽ വിശ്വാസം നിലനിറുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ജനങ്ങളിലെത്തിക്കുന്നതിൽ എന്താണ് തെറ്റ്.
നാമനിർദേശപത്രിക സമർപ്പിച്ച ശേഷം കെ.സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ എന്നിവർക്കെതിരെ നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്ഥാനാർത്ഥിയായ കെ.പി. പ്രകാശ് ബാബുവിനെ കള്ളക്കേസിൽ ജയിലിൽ അടച്ചിരിക്കുകയാണ്. രാജ്യത്തെ പ്രമുഖപാർട്ടിയുടെ നേതാക്കളെ സംസ്ഥാന ഇലക്ഷൻ കമ്മിഷൻ രണ്ടാംതരം പൗരൻമാരായി കാണരുതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വിജലൻസ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തി കേസെടുക്കാതെ അവസാനിപ്പിച്ച മെഡിക്കൽ കോഴ ആരോപണത്തിൻ മേൽ ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷണം നടത്തുന്നതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് നേതാക്കൾ എന്തിന് സഹകരിക്കണമെന്നും അദ്ദേഹം ചോദിച്ചു
വിശ്വാസികളെ ചതിച്ച കോൺഗ്രസ്
നിലപാട് വ്യക്തമാക്കണം
ശബരിമല സമരം പാതിവഴിയിൽ ഉപേക്ഷിച്ച കോൺഗ്രസ് വിശ്വാസികളെ പിന്നിൽ നിന്ന് കുത്തിയെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. യുവതീപ്രവേശന വിധി നടപ്പാക്കണമെന്നാണ് രാഹുൽഗാന്ധി ആവശ്യപ്പെട്ടത്. ഇപ്പോഴും അദ്ദേഹം അതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണോയെന്ന് വ്യക്തമാക്കണം. വിശ്വാസികൾക്കൊപ്പമാണെന്ന് ബി.ജെ.പി പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് പരസ്യപ്പെടുത്തണം.
രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ നിലപാട് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും
അദ്ദേഹം പറഞ്ഞു.