atl09ab

ആറ്റിങ്ങൽ: വാമനപുരം നദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആശങ്കയിൽ. കിളിമാനൂർ,​ പഴയകുന്നുമ്മേൽ,​ മടവൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിപ്രദേശം വറ്റിയതോടെ ഇവിടേക്കുള്ള പമ്പിംഗ് ഇന്നലെ മുടങ്ങി. ഈ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് എ.ഇ പറഞ്ഞു. മറ്റ് പദ്ധതി പ്രദേശങ്ങളിലെ ചെറിയ കുഴികളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. ഇത് പമ്പുചെയ്‌ത് താത്കാലികമായി പ്രശ്‌നം പരിഹരിക്കുകയാണ്. ഇതിനിടെ വാമനപുരം നദിയിൽ ഡാം നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ മൂന്നുവർഷം മുമ്പാണ് ‌ഡാം ആവശ്യമാണെന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ പിന്നീട് ഇക്കാര്യം ആരും ശ്രദ്ധിച്ചില്ല. ഈ വർഷം ജനുവരി മുതൽ വാമനപുരം നദിയിൽ നിരൊഴുക്ക് നിലച്ചിരുന്നു. പൂവൻപാറ പാലത്തിനു സമീപം തടയണ നിർമ്മിച്ചതു കൊണ്ടുമാത്രമാണ് ഇതുവരെ പ്രതിസന്ധിയുണ്ടാകാതിരുന്നത്. നദിയിൽ മണലെടുത്ത കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ് ഇപ്പോൾ ആശ്വാസം. അത് പ്രത്യേക പമ്പുകൾ ഉപയോഗിച്ച് കുടിവെള്ള പമ്പുഹൗസുകളുടെ കിണറുകളിലെത്തിക്കുകയാണ്. ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാമനപുരം നദിയിൽ ഡാം നിർമ്മിച്ചാൽ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുടിവെള്ള വിതരണം അവതാളത്തിലായതോടെ വാട്ടർഅതോറിട്ടി ഹെൽപ്പ് ലൈൻ ആരംഭിച്ചു. ഫോൺ. 04702620574, 9188127945.