തിരുവനന്തപുരം : ഹൈക്കോടതി വിധിയെ തുടർന്ന് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടാൽ കെ.എസ്.ആർ.ടി.സിയിൽ ദിവസവും മുടക്കേണ്ടിവരുന്നത് ആയിരത്തോളം ട്രിപ്പുകൾ. എംപാനൽ കണ്ടക്ടർമാരുടെ പിരിച്ച് വിടലും സർവീസ് വെട്ടിക്കുറയ്ക്കലുമടക്കമുള്ള പരീക്ഷണങ്ങൾ കാരണം ദിവസവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ട്രിപ്പുകൾ വീണ്ടും മുടങ്ങിയാൽ കോർപറേഷനിലെ പ്രതിസന്ധി ഇരട്ടിക്കും. അതിനാൽ വിധി തത്കാലം നടപ്പാക്കാനാകില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ഇതിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടിവരും.
കണ്ടക്ടർമാർക്ക് പിന്നാലെ ഡ്രൈവറും
കോടതി വിധിയെത്തുടർന്ന് ഡിസംബറിൽ 3,861 കണ്ടക്ടർമാരെ പിരിച്ച് വിട്ടതിന്റെ ക്ഷീണം കെ.എസ്.ആർ.ടി.സിക്ക് മാറിയിട്ടില്ല. പകരം പി.എസ്.സിയിൽ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച ഹർജിക്കാരായ 4,071 പേരെ നിയമിക്കനായിരുന്നു വിധി. എന്നാൽ ജോലിക്കെത്തിയത് 1,471 പേർ മാത്രം. ഇതോടെ ഗ്രാമീണ മേഖലയിലടക്കം ട്രിപ്പുകൾ മുടങ്ങി. സർവീസുകൾ വെട്ടിക്കുറച്ചതോടെ ജനങ്ങളും ദുരിതത്തിലായി.
പ്രതിസന്ധിയായി സാമ്പത്തികം
സ്ഥിരം നിയമനം നടത്തിയാൽ കോർപറേഷന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയുണ്ടാകും. താത്കാലിക ഡ്രൈവർമാർക്ക് സിംഗിൾ ഡ്യൂട്ടിക്ക് നൽകുന്നത് 550 രൂപയാണ്. സ്ഥിരം ഡ്രൈവർമാർക്കിത് 800 മുതൽ 1,500 രൂപയാണ്. ഒരു മാസം 26 ദിവസം എംപാനൽ ഡ്രൈവർമാർ ജോലി ചെയ്‌താൽ 13,000 രൂപയാണ് ശമ്പളം. എന്നാൽ സ്ഥിരജീവനക്കാർക്ക് 22,000 രൂപ കൊടുക്കേണ്ടിവരും. ബസ് - ജീവനക്കാർ അനുപാതം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും കുറയ്ക്കുന്നതിന് സ്ഥിരം നിയമനം കുറക്കണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ടിന്റെ ബലത്തിൽ നിയമടപടിക്കൊരുങ്ങുകയാണ് അധികൃതർ.
റാങ്ക് ലിസ്റ്റില്ല
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ല. മാത്രമല്ല ഇനി മുതൽ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചാൽ മതിയെന്നാണ് തീരുമാനം. എന്നാൽ ഒഴിവുകളുടെ എണ്ണമോ ശമ്പള സ്‌കെയിലോ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സമയമെടുക്കും. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിൽ നിന്ന് ആളെയെടുക്കാനും സമയം വേണ്ടിവരും. ജോലി നഷ്ടപ്പെട്ട് പെരുവഴിയിലാകുന്ന ഡ്രൈവർമാരെ മാനുഷിക പരിഗണനയുടെ പേരിലെങ്കിലും താത്കാലികക്കാരായി തിരിച്ചെടുക്കേണ്ടിവരും. ഇതും ബാദ്ധ്യത കൂട്ടും.
മന്ത്രിയുടെ യോഗം ഇന്ന്
ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് യോഗം ചേരും.