കുളത്തൂർ: ശ്രീനാരായണഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ പള്ളിവേട്ട ദിവസമായ ഇന്ന് നിർമ്മാണം പൂർത്തിയായ അലങ്കാര ഗോപുര സമർപ്പണവും ആദ്യ ഗുരുദേവ ക്ഷേത്രത്തിന്റെയും ഗദ്യ പ്രാർത്ഥനയുടെയും ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നടക്കും. വൈകിട്ട് 6.30ന് കോലത്തുകരയിലെ പ്രധാന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. ചടങ്ങിൽ ശിവഗിരി ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, പുന്നല ശ്രീകുമാർ, മേയർ വി.കെ. പ്രശാന്ത്, ജി.എസ്. പ്രദീപ്, കൗൺസിലർ മേടയിൽ വിക്രമൻ, കെ.എസ്. അരുൺ, ആറ്റിപ്ര ജി. സദാനന്ദൻ, ഡോ. ഷർമ്മദ്, ഡോ. ബെന്നി തുടങ്ങിയവർ സംസാരിക്കും. കഴിഞ്ഞ വർഷം നടന്ന പ്രതിഷ്ഠാവാർഷിക ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ, ' ഗുരുചൈതന്യം-125 ' ന്റെ പ്രകാശന കർമ്മം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗോകുലം ഗോപാലന് നൽകി നിർവഹിക്കും. ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ സ്വാഗതവും ശ്യാംമോഹൻ നന്ദിയും പറയും..
ഇന്ന്
----------
രാവിലെ 8ന് കുംഭാഭിഷേക ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും, 9ന് കുംഭാഭിഷേക ഘോഷയാത്ര. കുളത്തൂർ എസ്.എൻ.എം വായനശാലയിൽ നിന്ന് തിരിച്ചെഴുന്നള്ളത്ത്. 11ന് ഡോ. ഗീതഅനിയന്റെ പ്രഭാഷണം, ഉച്ചയ്‌ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4 മുതൽ സ്‌പെഷ്യൽ നാദസ്വരം, 5.30ന് വയലിൻ സോളോ, 5.40ന് മേൽ 6.28നകം അലങ്കാര ഗോപുര സമർപ്പണം. 6.30ന് ഗുരുദേവ ക്ഷേത്രത്തിന്റെയും ഗദ്യ പ്രാർത്ഥനയുടെയും ശതോത്തരരജത ജൂബിലി ആഘോഷ സമ്മേളനം, രാത്രി 8.30ന് ലഘുഭക്ഷണം, 9.30ന് ഗാനമേള, 1ന് പള്ളിവേട്ട പുറപ്പാട്.