തിരുവനന്തപുരം: രാഷ്ട്രീയ - വ്യക്തിജീവിതത്തിൽ കെ.എം.മാണി പിന്നിട്ട റെക്കോഡുകൾക്ക് നിരവധിയാണ്. ഒരുപക്ഷേ ഇനിയാർക്കും തകർക്കാനാകാത്ത റെക്കോഡായും അത് എന്നും നിലനിൽക്കും. 1975 ഡിസംബർ 26ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ എം മാണി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡാണ് മറികടന്നത്. 2003 ജൂൺ 22 നായിരുന്നു ഇത്. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം മാണി മന്ത്രിപദവിയിൽ ഉണ്ടായിരുന്നു.
പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്യുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കെ.കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം) ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം മന്ത്രിയായിരുന്നു. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായെന്ന റെക്കാഡും മാണിക്കുള്ളതാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്ത്രിയായി.
11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാണി ആ റെക്കോഡും തന്റെ പേരിലാക്കിയിട്ടുണ്ട്. . 1977-78 ൽ മന്ത്രിയായിരിക്കെ രാജിവയ്ക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികമായി വന്നത്. ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും മാണിയുടെ പേരിലാണ് 1964ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പിൽ ഇതുവരെ പരാജയം അറിയാത്ത നേതാവുമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണ നിയമസഭാംഗം (13 തവണ), കൂടുതൽ തവണ (13) ബഡ്‌ജറ്റ് അവതരിപ്പിച്ചു എന്നീ റെക്കോഡുകളും മാണിയുടെ പേരിലാണ്. പതിനാറര വർഷം നിയമവകുപ്പും ആറേകാൽ വർഷം ധനവകുപ്പും കൈകാര്യം ചെയ്തത് കെ.എം. മാണിയാണെന്നത് അദ്ദേഹത്തിന്റെ ഭരണപാടവത്തിന്റെ മികവ് വ്യക്തമാക്കുന്നതാണ്.