kottayam
കുട്ടിയമ്മയും മാണിച്ചായനും

തിരുവനന്തപുരം: വേദപുസ്‌തകത്തിൽ കൈവച്ച് കുട്ടിയമ്മ മാണിച്ചായന്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ദൈവം വിളക്കിച്ചേർത്ത അപൂർവ ദാമ്പത്യ ബന്ധത്തിനാണ് കാലം സാക്ഷിയായത്. 1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മൻമാണി ഏലിയാമ്മ ദമ്പതികളുടെ മകൻ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ തോമസ്‌ ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുമ്പോൾ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോൺഗ്രസ് നേതാവായിരുന്ന മാണി അന്ന് കെ.പി.സി.സി മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.

km-mani-with-wife
കെ.എം.മാണിയും ഭാര്യ കുട്ടിയമ്മയും

കുട്ടിയമ്മയുടെ മൂന്ന് നിബന്ധനകൾ

'കുട്ടികളെയും കുടംബത്തെയും നോക്കാൻ കഴിയുന്ന പെൺകുട്ടിയാണ്, എനിക്കിഷ്ടപ്പെട്ടു, ഇനി നീ പോയി കാണൂ' എന്നായിരുന്നു പിതാവ് മാണിയോടു പറഞ്ഞത്. മാണിക്കും പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. പി.ടി. ചാക്കോയുടെ രാഷ്ട്രീയ പ്രവർത്തനം കണ്ടു വളർന്ന കുട്ടിയമ്മയ്ക്ക് രാഷ്ട്രീയക്കാരെ ഇഷ്ടമായിരുന്നു. വിവാഹത്തിനു കുട്ടിയമ്മ മൂന്നു നിബന്ധനകൾ വീട്ടുകാരുടെ മുന്നിൽ വച്ചിരുന്നു. വിവാഹം കഴിക്കുന്നയാൾ രാഷ്ട്രീയക്കാരനാകണം, മീശ വേണം, വക്കീലായിരിക്കണം. ഈ മൂന്നു 'ഗുണങ്ങളുമുള്ള' കെ.എം. മാണിതന്നെ കുട്ടിയമ്മയുടെ ജീവിതത്തിലേക്കു കടന്നുവന്നു.

പൊതുപ്രവർത്തനത്തിനിടയിലും കുട്ടിയമ്മയില്ലാതെ കുഞ്ഞുമാണിച്ചായന് ഒരു ദിനം പോലും കടന്ന് കിട്ടുക പ്രയാസമായിരുന്നു. തനിക്ക് അംഗീകാരങ്ങളും പദവികളും നേടി തന്ന പാലായെ പോലും തന്റെ രണ്ടാം ഭാര്യയെന്നാണ് മാണി സാർ വിശേഷിപ്പിച്ചിരുന്നത്.'എന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്കു കുട്ടിയമ്മയാണ് കാരണം. ഞാൻ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെൻഷൻ ഇല്ലാതെ പൊതുരംഗത്തു നിൽക്കാൻ പറ്റി. അതിൽ കൂടുതൽ ഭാഗ്യം എന്തുവേണമെന്ന് ' വിവാഹത്തിന്റെ 60ആം വാർഷിക ആഘോഷങ്ങൾക്കിടെ അദ്ദേഹം പ്രതികരിച്ചത്. എത്ര പാതിരാത്രിയായാലും പാലായിലെ വീട്ടിലെത്തിയാൽ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ എന്ന് മക്കളും മരുമക്കളും പറയുമ്പോൾ ആ ദാമ്പത്യത്തിലെ ഇഴയടുപ്പം വ്യക്തം.

മാണിക്ക് രാഷ്ട്രീയത്തിലും ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളിൽ കുട്ടിയമ്മ ആശ്വാസത്തുരുത്തും കെടാവിളക്കുമായിരുന്നു കുട്ടിയമ്മ.മരണം പടികടന്നെത്തിയപ്പോഴും കുട്ടിയമ്മയുടെ കൈപിടിച്ചാണ് അവസാനശ്വാസം വെടിഞ്ഞത്.