km-mani-

തിരുവനന്തപുരം: പൊതുരംഗത്ത് സജീവമായ ശേഷം വിട്ടുപിരിയാതെ മാണിസാറിനൊപ്പം കൂടിയ വലിയൊരു ദൗർബല്യമുണ്ട്. എവിടെയും ഏതു തിരക്കിലും ആ ദൗർബല്യത്തിൽ നിന്ന് അദ്ദേഹത്തിന് മോചനമില്ല. 'കുളി' എന്നതാണ് ആ ദൗർബല്യം. ഒരു ദിവസം ഏറ്റവും കുറ‌ഞ്ഞത് നാലുതവണയെങ്കിലും കുളിക്കും. രാവിലെ പതിവ് കുളി, ഉച്ചമയക്കത്തിനുശേഷവും രാത്രി ഉറക്കത്തിനുമുമ്പും ഓരോ കുളി. ഇതിനിടയിൽ സമയ ക്ളിപ്തതയില്ലാതെ ഒരു കുളിയും. അലച്ചിലുള്ള ദിവസങ്ങളിൽ കുളികളുടെ എണ്ണം കൂടും. ശരീരശുദ്ധിയോടുള്ള ഈ കടുത്ത പ്രണയം നന്നേ ചെറുപ്പത്തിലേ തുടങ്ങിയതാണ്. ദിവസം നാലുതവണയെങ്കിലും വസ്ത്രം മാറുന്നത് മറ്റൊരു ശീലം.

ചുളിവേൽക്കാത്ത, വെണ്മ തുളുമ്പി നിൽക്കുന്ന വസ്ത്രങ്ങൾ, എപ്പോഴും പ്രസരിപ്പ് നിറഞ്ഞ മുഖം, ഒരിക്കലും 'നരയ്ക്കാത്ത' ചീകിയൊതുക്കിയ മുടി. എപ്പോഴും ഊഷ്മളത പരത്തുന്നതായിരുന്നു കെ.എം.മാണിയുടെ സാന്നിദ്ധ്യം. രാഷ്ട്രീയ രംഗത്ത് ഇത്രത്തോളം 'ഫ്രഷ്നെസ് ' കാത്തുസൂക്ഷിച്ച നേതാക്കൾ അപൂർവമാണ്.

എന്നാൽ, ഭക്ഷണകാര്യത്തിൽ അത്തരം കടുത്ത നിഷ്ടകളൊന്നുമില്ലായിരുന്നു. കുറഞ്ഞ അളവിലേ കഴിക്കൂ. പക്ഷേ, ഭക്ഷണാനന്തരം ചെറുപഴം കഴിക്കണമെന്നത് കട്ടായം. രാഷ്ട്രീയത്തിൽ നല്ല മെയ്‌വഴക്കം കാട്ടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ വ്യായാമമുറകളിൽ വലിയ കമ്പം കാട്ടിയിട്ടില്ല. കാണാനെത്തുന്നവരെ നിരാശരാക്കി മടക്കി അയയ്ക്കുന്നതും ഇഷ്ടമല്ല. മന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും രാവിലെ ആറുമണിക്ക് മാണിസാർ റെഡി. നൂറുകണക്കിന് സന്ദർശകരെത്തിയാലും ചുരുങ്ങിയ സമയം മതി നയത്തിൽ അവരെ കൈകാര്യം ചെയ്തുവിടാൻ.

മന്ത്രിപദത്തിലിരിക്കുമ്പോൾ പലരും സഞ്ചരിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ചില നിർബ്ബന്ധങ്ങൾ പുലർത്താറുണ്ട്. ഇവിടെയും വ്യത്യസ്തനായിരുന്നു അദ്ദേഹം. കാർ യാത്രയോടായിരുന്നു ഏറെ താത്പര്യം. എന്നാൽ, പ്രത്യേക ഇനം കാർ വേണമെന്ന് ഒരിക്കലും ശഠിച്ചിട്ടില്ല. കാറിൽ വച്ചുള്ള ഫയൽനോട്ടവും വശമില്ല. നല്ല മെലഡികൾ കേൾക്കുന്നതിലാണ് കമ്പം. ലതാ മങ്കേഷ്‌കർ, മുഹമ്മദ് റാഫി, യേശുദാസ് എന്നിവരായിരുന്നു പ്രിയപ്പെട്ട പാട്ടുകാർ. പാട്ടുകേൾക്കാനുള്ള മൂഡിലല്ലെങ്കിൽ പിന്നെ ഉറക്കം. ചെറുപ്പകാലത്ത് സാമാന്യം ഭേദപ്പെട്ട പുകവലിക്കാരനായിരുന്നു. 25-30 സിഗരറ്റുകളായിരുന്നു ദിവസവും പുകച്ചുതള്ളിയിരുന്നത്. മൂത്ത മകൾ എൽസമ്മ ഒരിക്കൽ രോഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ, കർത്താവിനോടുള്ള പ്രാർത്ഥനയിൽ ഏറ്റവും ഇഷ്ടപ്പെട്ട ആ ശീലം ഉപേക്ഷിക്കാമെന്ന് മനം നൊന്തു പറ‌ഞ്ഞു. അങ്ങനെ പുകവലി അദ്ധ്യായത്തിന് അന്ത്യമായി.

മാണി സാറിന്റെ സിനിമാ കമ്പവും പ്രസിദ്ധമാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവരായിരുന്നു ഇഷ്ടതാരങ്ങൾ. നിയമമന്ത്രിയായിരിക്കുമ്പോൾ കെ.എം.മാണിയുടെ ലാ സെക്രട്ടറിയായിരുന്നു മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻനായർ. ഇത്തരത്തിൽ അധികവാത്സല്യം ലാലിനോട് അദ്ദേഹം കാട്ടിയിരുന്നു. രാഷ്ട്രീയത്തിൽ ജവഹർലാൽ നെഹ്‌റുവായിരുന്നു ആരാദ്ധ്യപുരുഷൻ. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഫ്ളോറിഡ, കോപ്പൻഹേഗൻ, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളെ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.