തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഇന്ന് രാവിലെ കൊടിയേറ്റോടു കൂടി ആരംഭിക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ബ്രഹ്മകലശ പൂജ തിങ്കളാഴ്ച ആരംഭിച്ചു. ബ്രഹ്മകലശാഭിഷേകം ഇന്നലെ നടന്നു. ഇന്ന് രാവിലെ 9നാണ് കൊടിയേറ്റ്. രാവിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നു മണ്ണുനീർ കോരി മുളയിടും. ദിവസപൂജകൾക്ക് ശേഷം മുളയിട്ട നവധാന്യം പള്ളിവേട്ട ദിവസം പുറത്തെടുക്കും. ഇന്ന് രാത്രി 8.30ന് സിംഹാസന വാഹനത്തിൽ ശീവേലി. നാടകശാല മുഖപ്പിൽ രാത്രി 10ന് കഥകളിയും നടക്കും. നാളെ മുതൽ 18 വരെ വൈകിട്ട് 4.30നും രാത്രി 8.30നും ഉത്സവശീവേലി. തുലാഭരണമണ്ഡപം, നൃത്തമണ്ഡപം എന്നിവിടങ്ങളിൽ സംഗീതക്കച്ചേരിയും ക്ഷേത്രകലകളും അരങ്ങേറും.15ന് രാവിലെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടക്കും. 17ന് രാത്രി 8.30ന് വലിയകാണിക്ക. 18ന് രാത്രി 8.30ന് പള്ളിവേട്ട. 19ന് വൈകിട്ട് ശംഖുംമുഖത്തേക്ക് ആറാട്ട് ഘോഷയാത്ര. ആറാട്ടിന് ശേഷം രാത്രി കൊടിയിറക്കും. 20ന് ആറാട്ട് കലശം എന്നിവ നടക്കും.
ദർശന സമയത്തിൽ മാറ്റം
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദർശനസമയത്തിൽ മാറ്റമുണ്ടാകും. രാവിലെ പതിവു ദർശനത്തിന് പുറമേ പകൽ കലശ ദർശനത്തിന് സൗകര്യമുണ്ടാകും. വൈകിട്ട് 5 മുതൽ 6 വരെയാണ് ദർശനസമയം. ആറാട്ട് ദിവസമായ 19ന് രാവിലെ 8.30 മുതൽ 10 വരെയാണ് ദർശനം.