തിരുവനന്തപുരം: ചെറുപ്പകാലത്ത് നിരന്തരം പുകവലിക്കുന്നയാളായിരുന്നു മാണി. പുകവലിയുടെ ഫലമായാണ് ശബ്ദത്തിൽ വ്യത്യാസമുണ്ടായത്. രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്തമായ ശബ്ദത്തിനുടമയാണ് കെ.എം. മാണി. ശബ്ദം കേൾക്കുമ്പോൾത്തന്നെ രൂപം മനസിലേക്ക് വരും. ദിവസവും പാക്കറ്റ് കണക്കിന് സിഗററ്റ് വലിച്ചിരുന്ന മാണി ഈ ശീലം നിർത്താനായി പല തവണ പ്രതിജ്ഞയെടുത്തു.
ട്രെയിനിൽ പോകുമ്പോൾ സിഗററ്റ് പാക്കറ്റ് വലിച്ചെറിഞ്ഞശേഷം ഇനി കൈകൊണ്ട് തൊടില്ലെന്ന് പ്രതിജ്ഞയെടുക്കും. മണിക്കൂറുകൾ കഴിയുമ്പോൾ പ്രതിജ്ഞ ലംഘിക്കേണ്ടിവരും. മകളുടെ പ്രസവ ദിവസമാണ് ഇനി പുകവലിക്കില്ലെന്ന് മാണി തീരുമാനിച്ചത്. ആ പ്രതിജ്ഞ ഒരിക്കലും ലംഘിക്കപ്പെട്ടില്ല.
ആ കഥ ഇങ്ങനെ: മൂത്ത മകൾ എൽസമ്മ കന്നിപ്രസവത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടു. അന്ന് മാണി ധനമന്ത്രി. മകൾക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് ഡോക്ടർമാർക്ക് സംശയം. ഇതോടെ പരിഭ്രാന്തനായ മാണി മകൾക്ക് ദൈവാനുഗ്രഹം ലഭിക്കാൻ പുകവലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഖപ്രസവം നടന്നതോടെ പിന്നീടൊരിക്കലും കെ.എം. മാണി പുകവലിച്ചില്ല. പക്ഷേ, പുകവലിയുടെ അനന്തരഫലമായുണ്ടായ ശബ്ദവ്യത്യാസവും പ്രസംഗത്തിലെ ശൈലികളും 'ട്രേഡ് മാർക്കായി' മാറി.