mani

തിരുവനന്തപുരം: കോട്ടയത്ത് നിന്ന് 26 കിലോമീറ്റർ അകലെ കിടക്കുന്ന പാലായ്ക്കൊരു പ്രത്യേകതയുണ്ട്. കെ.എം.മാണിയെന്ന അതികായന്റെ രണ്ടാം ഭാര്യയാണ് ആ പാലായെന്ന് ആലങ്കാരികമായി പറയാം. അങ്ങനെ പറയാൻ മാണിയും തെല്ലും മടിച്ചിട്ടില്ല. രാഷ്ട്രീയ കൊടുങ്കാറ്റിൽ തിരഞ്ഞെടുപ്പുകളിൽ വൻ മരങ്ങൾ പലതും കടപുഴകിയപ്പോഴും മാണിയെ പാലാ കൈവിട്ടില്ല. മീനച്ചിലെന്നും പുലിയന്നൂരെന്നും പേരുണ്ടായിരുന്ന മണ്ഡലം കേരള കോൺഗ്രസ് പിറന്ന 1964ലാണ് പാലാ ആയത്.

1965ൽ നടന്ന തിരഞ്ഞെടുപ്പിൽ മാണി കേരള കോൺഗ്രസ് ടിക്കറ്റിൽ സ്ഥാനാർത്ഥിയായി. സ്വതന്ത്രനായ വി. ടി. തോമസിനെ തോൽപിച്ചു കന്നി വിജയം നേടി. പിന്നീടങ്ങളോട്ട് വിജയകഥ മാത്രമാണ് മാണി രചിച്ചത്.

1967 ൽ വീണ്ടും വി.ടി. തോമസ് തോൽവി രുചിച്ചു. ശക്തനായ എം.എം. ജേക്കബിനെ കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പോയി.

1970ൽ മാണിയും കോൺഗ്രസ് ടിക്കറ്റിൽ എം.എം.ജേക്കബും വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിൽ. ഇത്തവണയും വിജയം മാണിക്കൊപ്പം നിന്നു,​ ഭൂരിപക്ഷം 364 വോട്ട്. മാണിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമായിരുന്നു അത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം '77ൽ നടന്ന തിരഞ്ഞടുപ്പിൽ മാണി ശക്തമായ തിരിച്ചുവരവ് നടത്തി. കോൺഗ്രസും കേരള കോൺഗ്രസും ഒന്നിച്ചു നിപ്പോൾ ഇടതു പക്ഷത്തിന്റെ എൻ.സി. ജോസഫിനെ 14,​857 വോട്ടിന് മാണി അടിയറവ് പറയിച്ചു.

കെ. എം. മാണി ഇടതുപക്ഷത്തായിരുന്ന 1980 ൽ വീണ്ടും എം. എം. ജേക്കബായിരുന്നു എതിരാളി. 4566 വോട്ടിന് മാണി വിജയം നേടി.

1982ൽ വീണ്ടും ജനാധിപത്യ ചേരിയിലെത്തിയ മാണി ആ വർഷം ജെ. എ. ചാക്കോയെയും 87ൽ കെ.എസ്. സെബാസ്റ്റ്യനെയും 91 ൽ ജോർജ് സി. കാപ്പനെയും തറപറ്റിച്ചു.

1996 ൽ കോൺഗ്രസിന്റെ യുവതുർക്കിയായ സി. കെ. ജീവനായിരുന്നു മാണിയുടെ എതിരാളി. 23,​790 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മാണിയുടെ വിജയം.

2001ൽ അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയനായിരുന്നു എതിരാളി.

2006ലും 2011ലും 2016ലും എൻ.സി.പിയുടെ തന്നെ മാണി സി. കാപ്പൻ എതിരാളിയായപ്പോഴും മാണിയുടെ സീറ്റിന് അനക്കമുണ്ടായില്ല.