തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ നിന്ന് 1995 നവംബർ മുതൽ വിരമിച്ച ജീവനക്കാർക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് പുതുക്കിയ പെൻഷൻ ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
2009 മേയ് 31 ന് വിരമിച്ച ജീവനക്കാരൻ തനിക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന് കാണിച്ച് സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും 1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീം അനുസരിച്ച് ഉയർന്ന നിരക്കിലുള്ള പുതുക്കിയ പെൻഷന് കെ.എസ്.എഫ്.ഇ ജീവനക്കാർക്ക് അർഹതയുണ്ടെന്നും വിധിച്ചിരുന്നു. പരാതിക്കാരനായ മുൻ ചീഫ് മാനേജർ വി.സദാനന്ദൻ പുതുക്കിയ പെൻഷൻ ലഭിക്കുന്നതിനുള്ള അനുബന്ധ രേഖകൾ 2019 ഫെബ്രുവരി 6 ന് ഇ.പി.എഫ്.ഒയ്ക്ക് സമർപ്പിച്ചിട്ടുള്ളതായി വിശദീകരണത്തിൽ പറയുന്നു. കമ്പനിയിൽ നിന്നു വിരമിക്കുന്നവർക്ക് തൊട്ടടുത്ത മാസം മുതൽ ഉയർന്ന നിരക്കിൽ പെൻഷൻ ലഭിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും എം.ഡി എ.പുരുഷോത്തമൻ കമ്മിഷനെ അറിയിച്ചു.