ksfe

തിരു​വനന്തപുരം: കെ.എസ്.എഫ്.ഇയിൽ നിന്ന് 1995 നവം​ബർ മുതൽ വിര​മിച്ച ജീവ​ന​ക്കാർക്ക് സംസ്ഥാന മനുഷ്യാവ​കാശ കമ്മിഷന്റെ ഇട​പെ​ട​ലിനെ തുടർന്ന് പുതു​ക്കിയ പെൻഷൻ ലഭി​ക്കു​ന്ന​തി​നുള്ള നട​പ​ടി​കൾ തുടങ്ങി.

2009 മേയ് 31 ന് വിര​മിച്ച ജീവ​ന​ക്കാരൻ തനിക്ക് പെൻഷൻ ആനു​കൂ​ല്യങ്ങൾ ലഭി​ച്ചി​ല്ലെന്ന് കാണിച്ച് സമർപ്പിച്ച പരാ​തി​യിൽ നട​പ​ടി​യെ​ടു​ക്കാൻ കമ്മിഷൻ അദ്ധ്യ​ക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമ​നി​ക് കമ്പ​നിക്ക് നിർദ്ദേശം നൽകി​യി​രു​ന്നു. സുപ്രീംകോട​തിയും ഹൈക്കോ​ട​തിയും 1995 ലെ എംപ്ലോ​യീസ് പെൻഷൻ സ്‌കീം അനു​സ​രിച്ച് ഉയർന്ന നിര​ക്കി​ലുള്ള പുതു​ക്കിയ പെൻഷന് കെ.എസ്.എഫ്.ഇ ജീവ​ന​ക്കാർക്ക് അർഹ​ത​യു​ണ്ടെന്നും വിധി​ച്ചി​രു​ന്നു. പരാ​തി​ക്കാ​ര​നായ മുൻ ചീഫ് മാനേ​ജർ വി.സദാ​ന​ന്ദൻ പുതു​ക്കിയ പെൻഷൻ ലഭി​ക്കു​ന്ന​തി​നുള്ള അനു​ബന്ധ രേഖ​കൾ 2019 ഫെബ്രു​വരി 6 ന് ഇ.പി.എഫ്.ഒയ്ക്ക് സമർപ്പി​ച്ചി​ട്ടു​ള്ള​തായി വിശ​ദീ​ക​ര​ണ​ത്തിൽ പറ​യു​ന്നു. കമ്പ​നി​യിൽ നിന്നു വിര​മി​ക്കു​ന്ന​വർക്ക് തൊട്ട​ടുത്ത മാസം​ മു​തൽ ഉയർന്ന നിര​ക്കിൽ പെൻഷൻ ലഭി​ക്കു​ന്ന​തിന് എല്ലാ നട​പ​ടി​കളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെന്നും എം.ഡി എ.പുരു​ഷോ​ത്ത​മൻ കമ്മിഷനെ അറി​യി​ച്ചു.